പാഠം ഒന്ന്, വയസ് 110; വാർദ്ധക്യത്തില്‍ ‘സ്കൂള്‍ കുട്ടി’യാകുന്ന സൗദി വനിത

‘നാളെ മരിക്കുമെന്ന് കരുതി ജീവിക്കുക. എന്നന്നേക്കുമായി ജീവിക്കുമെന്ന് കരുതി പഠിക്കുക’, മഹാത്മാ ഗാന്ധിയുടെ ഈ വാക്കുകള്‍ സൗദി വനിതയായ നൗദ അൽ ഖഹ്താനി ഒരുപക്ഷേ തന്റെ നീണ്ട ജീവിതത്തില്‍ ഒരിക്കലും പോലും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ 110-ാം വയസില്‍ അക്ഷരങ്ങളെ അറിയാന്‍ സ്കൂളിലേക്ക് പോകുമ്പോള്‍ നൗദയിലെ ആത്മവിശ്വാസം അടയാളപ്പെടുത്തപ്പെടുന്ന സന്ദേശമതാണ്.

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരക്ഷരതാ നിർമ്മാർജ്ജന പദ്ധതിയാണ് നൗദയെപ്പോലെയുള്ള രാജ്യത്തെ അനേകം പേർക്ക് വിദ്യാഭ്യാസത്തിനുള്ള രണ്ടാമൂഴം നല്‍കിയത്. പദ്ധതിയുടെ ഭാഗമായി ഒരാഴ്ച മുന്‍പ് ഉംവ ഗവർണറേറ്റിലെ അൽ റഹ്വ എന്ന സ്ഥലത്തുള്ള സ്കൂളില്‍ 110 കാരിയായ വയോധിക പഠനം ആരംഭിച്ചു. അന്‍പതിലധികം വിദ്യാർഥികളുള്ള ബാച്ചിലെ ഏറ്റവും പ്രായമുള്ള ‘കുട്ടി’യാണ് നൗദ.

നാല് കുട്ടികളുടെ അമ്മയായ ഇവരുടെ മൂത്ത മകന് 80 വയസ്സും ഏറ്റവും ഇളയ മകന് 50 വയസ്സുമാണ് പ്രായം. അറിവ് നേടാനുള്ള അമ്മയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണയാണ് മക്കള്‍ നല്‍കുന്നത്. മക്കളിലൊരാള്‍ ദിവസവും ഉമ്മയെ സ്കൂളിലെത്തിക്കും. ക്ലാസ് അവസാനിക്കുന്നതുവരെ കാത്തിരുന്ന് ഉമ്മയുമായി വീട്ടിലേക്ക് തിരിക്കും. വെെകിയെങ്കിലും പുതിയ പാഠങ്ങളെ എത്തിപ്പിടിക്കുന്ന ഉമ്മയ്ക്ക് തങ്ങളാലാവുന്ന സഹായങ്ങള്‍ ചെയ്യാന്‍ മക്കള്‍ മുന്നിലുണ്ട്.

110 വയസ്സിനു മുകളിൽ പ്രായമുള്ള ഉമ്മയെ സംബന്ധിച്ച് പഠനം എളുപ്പമല്ലെന്നും മക്കള്‍ക്ക് അറിയാം. എന്നിരുന്നാലും ഗൃഹപാഠങ്ങള്‍ പൂർത്തിയാക്കാന്‍ ഉമ്മ കാണിക്കുന്ന ആകാംഷയില്‍ കുടുംബത്തിലെ ഓരോ അംഗങ്ങളും അഭിമാനത്തിലാണ്.

വർഷങ്ങൾക്ക് മുന്‍പ് തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടിയിരുന്നു എന്ന് തിരിച്ചറിയുമ്പോഴും, വായിക്കാനും എഴുതാനുമുള്ള പുതിയ അവസരം തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചതായി നൗദ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. പൊതുവിദ്യാഭ്യാസത്തെ വളർത്തുന്നതിനായി സർക്കാർ കൂടുതൽ സ്‌കൂളുകൾ സ്ഥാപിക്കുമെന്നും തന്നെപ്പോലെ ആയിരങ്ങള്‍ പഠനത്തിന്റെ പാതയിലേക്ക് എത്തുമെന്നുമാണ് നൗദയുടെ ഇപ്പോഴത്തെ പ്രതീക്ഷ.