മണിപ്പൂർ: മാധ്യമ പ്രവർത്തകർക്കെതിരായ കേസ്, സംരക്ഷണവുമായി സുപ്രിംകോടതി

മണിപ്പൂരിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജിയില്‍ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. താത്കാലിക സംരക്ഷണം എന്ന നിലയിലാണ് നാല് മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞത്. കേസ് ഇനി പരിഗണിക്കാനിരിക്കുന്ന തിങ്കളാഴ്ച വരെ നടപടികളൊന്നും സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണവും കോടതി തേടി. കേസ് സെപ്റ്റംബർ 11 ന് പരിഗണിക്കും.

മണിപ്പൂർ സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എഡിറ്റേഴ്സ് ഗിൽഡ് സുപ്രീം കോടതിയെ സമീപിച്ചത്. എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റിനും മൂന്ന് അംഗങ്ങൾക്കുമെതിരെയാണ് കേസ്.

സമുദായങ്ങൾ തമ്മില്‍ ശത്രുത വളർത്താനും, കലാപം സൃഷ്ടിക്കാനുമുള്ള ശ്രമം, സർക്കാരിനും പൊലീസിനുമെതിരെ അപകീർത്തികരമായ വസ്തുതകള്‍ പ്രചരിപ്പിച്ചു എന്നടക്കം കുറ്റകൃത്യങ്ങൾ ചുമത്തിയാണ് നാല് മാധ്യമപ്രവർത്തകർക്ക് നേരെ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മണിപ്പൂരിൽ സർക്കാർ മെയ്തി വിഭാഗത്തിന് അകൂലമായാണ് നിലപാടെടുക്കുന്നത് എന്നായിരുന്നു എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രസക്തഭാഗം. ഈ റിപ്പോർട്ട് തയ്യാറാക്കിയ മാധ്യമപ്രവർത്തകർക്കെതിരെയാണ് മണിപ്പൂർ സർക്കാർ കേസെടുത്തത്.

More Stories from this section

family-dental
witywide