
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഉത്തരവാദിത്തം സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിച്ച് ഉത്തരവിറങ്ങി. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് പണം കണ്ടെത്തുന്നതിന് ഉച്ചഭക്ഷണ കമ്മറ്റി രൂപീകരിക്കാനും പണം സ്വരൂപിക്കാനും നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബുധനാഴ്ച സർക്കുലർ പുറത്തിറക്കി.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതിനുള്ള ശ്രമമാണ് പുതിയ സര്‍ക്കുലറെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷല്‍ സ്‌കൂളുകളില്‍ നവംബര്‍ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണമെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. ഉച്ചഭക്ഷണച്ചെലവിനായി പൂര്‍വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൗരപ്രമുഖര്‍ എന്നിവരില്‍നിന്ന് പലിശരഹിത ധനസഹായം സ്വീകരിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഇങ്ങനെ സ്വീകരിക്കുന്ന സഹായങ്ങള്‍ ഉച്ചഭക്ഷണ ഫണ്ട് ലഭ്യമാവുമ്പോള്‍ തിരികെ നല്‍കാമെന്നും പറയുന്നു.
ഫണ്ട് ലഭിക്കുന്നതില്‍ എന്തെങ്കിലും കാലതാമസം വന്നാല്‍ പദ്ധതി മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോവേണ്ടത് സംരക്ഷണ സമിതികളുടെ ചുമതലയായിരിക്കും. പ്രാദേശിക വിഭവ സമാഹരണത്തോടൊപ്പം അധിക വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഉച്ചഭക്ഷണ പദ്ധതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവ് നിര്‍ദ്ദേശിക്കുന്നു. വാര്‍ഡ് മെമ്പറോ കൗണ്‍സിലറോ രക്ഷാധികാരിയായാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കേണ്ടത്. പ്രധാനാധ്യാപകര്‍ കണ്‍വീനര്‍മാരാവും.
ഇതിനുപുറമെ എല്ലാ സ്‌കൂളിലും പ്രഭാതഭക്ഷണം വിതരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. രക്ഷാകര്‍തൃ പൊതുസമൂഹത്തിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹായസഹകരണത്തോടെയും സി എസ് ആര്‍ ഫണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയും അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കണം. പിടിഎ ഫണ്ടില്‍നിന്നോ തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്നോ വ്യക്തികളില്‍നിന്നോ സ്ഥാപനങ്ങളില്‍നിന്നോ സംഭാവനകളോ സ്‌പോണ്‍സര്‍ഷിപ്പോ സ്വീകരിച്ച് പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കാമെന്നും നിര്‍ദേശമുണ്ട്.
കേന്ദ്രത്തില്‍നിന്നുള്ള പണ്ട് യഥാസമയം ലഭിക്കാത്തതിനാലാണ് സ്‌കൂളുകള്‍ക്കുള്ള ഫണ്ട് മുടങ്ങുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. എന്നാല്‍ മുമ്പ് കോടതി ഈ വിഷയം പരിഗണിക്കവേ സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തള്ളിയിരുന്നു. കേന്ദ്രവിഹിതം സംസ്ഥാനത്തിന് നല്‍കിയെങ്കിലും സംസ്ഥാന വിഹിതം അക്കൗണ്ടിലേക്ക് കൈമാറാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
60:40 അനുപാതത്തിലാണ് ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ഫണ്ട് അനുവദിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ഉച്ചഭക്ഷണ ഫണ്ട് മുടങ്ങുന്നതിനാല്‍ ഓരോ മാസവും 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പ്രധാനാധ്യാപകര്‍ക്ക് ബാധ്യതയുണ്ടാവുന്നു. പല അധ്യാപകരും പെന്‍ഷനായി പോവുമ്പോള്‍ ഈ ബാധ്യതയുടെ പേരില്‍ ആനുകൂല്യങ്ങള്‍ തടയുന്ന സ്ഥിതിവരെയുണ്ടായി. കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ഉത്തരവെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.
school mid day meal program: Kerala govt asks schools to form committees for crowd funding











