
കൽപ്പറ്റ: സമൂഹമാധ്യമങ്ങളിൽ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് ആർട്ടിഫിഷല്‍ ഇന്റലിജൻസ് ഉപയോഗിച്ച് മോർഫ് ചെയ്തു പ്രചരിപ്പിച്ച കുറ്റത്തിന് സ്കൂള്‍ വിദ്യാർഥി അറസ്റ്റില്‍. മോർഫ് ചെയ്തവരുടെ ചിത്രങ്ങൾ അവര്‍ക്കുതന്നെയും അവരുടെ കൂട്ടുകാര്‍ക്കും അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തുകയും അവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
വയനാട് സൈബർ പൊലീസ് ഒരുമാസം അന്വേഷിച്ചിട്ടാണ് പ്രതിയെ കിട്ടിയത്. പിടിക്കപ്പെടാതിരിക്കാന്‍ വിപിഎൻ സാങ്കേതിക വിദ്യയും ചാറ്റുബോട്ടുകളും ഉപയോഗിച്ചു.
സമൂഹമാധ്യമങ്ങളിൽ നിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമാണ് പെൺകുട്ടികളുടെ ചിത്രങ്ങളെടുത്തത്. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ചിതിട്ടുണ്ട്. മോർഫ് ചെയ്ത ശേഷം ഇൻസ്റ്റാഗ്രാം, ടെലിഗ്രാം അക്കൗണ്ടുകൾ വഴി പലര്‍ക്കും അയച്ചുകൊടുത്തു.
നിരവധി ഐപി വിലാസങ്ങൾ പരിശോധിച്ചും, ഗൂഗിൾ, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം കമ്പനികളിൽ നിന്നു ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങളുപയോഗിച്ചുമാണ് വിദ്യാർഥിയെ വയനാട് സൈബർ പൊലീസ് കണ്ടുപിടിച്ചത്. കൗമാരക്കാരായ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിൻ്റേയും സിം കാര്‍ഡിൻ്റേയും ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണ് എന്ന് പൊലീസ് അറിയിച്ചു.













