
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പേഷ്യന്റിന്റെ വയറിനുള്ളില്‍ കത്രിക മറന്നുവച്ച കേസില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പൊലീസ്. അടിവാരം മുപ്പതേക്ര കണ്ണന്‍കുന്നുമ്മല്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രികരൂപത്തിലുള്ള ശസ്ത്രക്രിയാ ഉപകരണം മറന്നു വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സിറ്റി പൊലീസ് കമ്മീഷണര്‍, ഡിജിപിക്ക് അപേക്ഷ നല്‍കിയത്.
മെഡിക്കല്‍ കോളജ് എസിപിയുടെ പുതിയ അപേക്ഷയാണ് പൊലീസ് മേധാവിക്ക് കൈമാറിയത്. ഡോക്ടര്‍മാരായ രമേശന്‍, ഷഹന, സ്റ്റാഫ് നേഴ്‌സുമാരായ രഹന, മഞ്ജു എന്നിവരാണ് പ്രതി സ്ഥാനത്തുള്ളത്. പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ ഡിജിപി അപേക്ഷ സര്‍ക്കാരിനു കൈമാറും. ഇവരെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കുക. നേരത്തെ എട്ട് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കമ്മീഷണര്‍ അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സുദര്‍ശനു തിരിച്ചയച്ചിരുന്നു. ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ പുതിയ അപേക്ഷ ഡിജിപിക്ക് കൈമാറിയത്.
അതേസമയം ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവെച്ച സംഭവത്തില്‍ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നേരത്തേ നല്‍കിയിരുന്നത്. 2012 നവംബര്‍ 23-നും 2016 മാര്‍ച്ച് 15-നും താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍വെച്ചായിരുന്നു ഹര്‍ഷിനയുടെ ആദ്യ രണ്ടുപ്രസവങ്ങള്‍ നടന്നത്. രണ്ടു തവണയും സിസേറിയനാണ് നടത്തിയത്.
മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു നടന്നത്. മൂത്രത്തില്‍ പഴുപ്പ് വന്ന് സി.ടി. സ്‌കാന്‍ ചെയ്തപ്പോഴാണ് യൂറിനറി ബ്ലാഡറിനോട് ചേര്‍ന്ന് കത്രികയുടെ രൂപത്തിലുള്ള ഒരു ഉപകരണം ഉള്ളതായി കണ്ടെത്തിയത്. സെപ്റ്റംബര്‍ 17-ന് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന കത്രികയുടെ രൂപത്തിലുള്ള ഉപകരണമാണെന്ന് വ്യക്തമായത്.












