
ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ അതൃപ്തിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി അറിയിച്ചത്. അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ചാണ് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
അന്വേഷണ പുരോഗതി സംബന്ധിച്ച് അമിത് ഷാ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സുരക്ഷാ വീഴ്ച ദൗര്‍ഭാഗ്യകരമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്നും പ്രതിരോധമന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും രാജ് നാഥ് സിങ് വിശദീകരിച്ചു. അതേസമയം സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്ന് സ്പീക്കര്‍ ഓംബിര്‍ല പ്രതികരിച്ചു.
ലോക്‌സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു അപ്രതീക്ഷിത പ്രതിഷേധം അരങ്ങേറിയത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് ചാടുകയായിരുന്നു. ബിജെപിയുടെ രാജേന്ദ്ര അഗര്‍വാളായിരുന്നു ആ സമയത്ത് സഭ നിയന്ത്രിച്ചിരുന്നത്. ലോക്‌സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധം നടത്തിയത്.















