
വാഷിങ്ടൺ: പലസ്തീൻ ഭീകര സംഘടനയായ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ നിരവധി അമേരിക്കക്കാർ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
“നിരവധി യുഎസ് പൗരന്മാരുടെ മരണം ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും,” യുഎസ് ദേശീയ സുരക്ഷാ സമിതിയുടെ വക്താവ് പറഞ്ഞു. “ഇരയായവർക്കും ദുരിതബാധിതരായ എല്ലാവരുടെയും കുടുംബങ്ങൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.”
അതേസമയം, സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഇസ്രായേലിനെ സഹായിക്കാന്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും അയക്കാൻ തീരുമാനിച്ചു. അമേരിക്കന്‍ യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും ഇസ്രയേലിലേക്ക് തിരിക്കാന്‍ പ്രസിഡൻ്റ് ജോ ബൈഡന്‍ ഇന്നലെത്തന്നെ നിര്‍ദേശം നല്‍കി. ഇസ്രയേലിനുള്ള അചഞ്ചലമായ പിന്തുണ ഒരിക്കല്‍ക്കൂടി ബൈഡൻ ഉറപ്പാക്കി. അമേരിക്കയുടെ വിമാന വാഹിനി കപ്പലായ യുഎസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡും അതിനെ അനുഗമിക്കുന്ന മറ്റ് കപ്പലുകളും മെഡിറ്റനേറിയന്‍ കടല്‍ ലക്ഷ്യമാക്കി പുറപ്പെട്ടതായി പെൻ്റഗണ്‍ അറിയിച്ചു. ഇസ്രയേലിനായി സൈനിക സഹായം വർധിപ്പിക്കുമെന്നും യുദ്ധോപകരണങ്ങൾ നൽകുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.