
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ നിയമസഭാ മാർച്ചിൽ നടന്ന അക്രമ സംഭവങ്ങളുടെ പേരിൽ സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ.എ. റഹീം എംപിയെയും എം.സ്വരാജിനെയും കോടതി ശിക്ഷിച്ചു. ഒരു വർഷം തടവും പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നാലാണ് ശിക്ഷ വിധിച്ചത്. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു. മജിസ്ട്രേട്ട് ശ്വേതാ ശശികുമാറിന്റേതാണ് ഉത്തരവ്.
2010ൽ ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരായ എസ്എഫ്ഐ നടത്തിയ നിയമസഭ മാർച്ച് അക്രമത്തിൽ കലാശിച്ച സംഭവത്തിലാണ് കേസ്. പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർക്കപ്പെട്ടു. അക്രമ സംഭവത്തിൽ മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.
കേസിൽ ആറും ഏഴും പ്രതികളാണ് സ്വരാജും റഹീമും. ഐപിസി 332 വകുപ്പ് അനുസരിച്ച് ഒരു വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ഐപിസി 143 വകുപ്പ് അനുസരിച്ച് 1000 രൂപയും ഐപിസി 147 വകുപ്പ് അനുസരിച്ച് 1000 രൂപയും ഐപിസി 283 വകുപ്പ് അനുസരിച്ച് 200 രൂപയും കെപി ആക്ട് പ്രകാരം 500 രൂപയും ഒരാൾ പിഴ നൽകണം.












