
തിരുവനന്തപുരം: ഡിസംബര്‍ നാലിന് രാത്രിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപത്തെ താമസ സ്ഥലത്ത് പിജി വിദ്യാര്‍ഥിനി ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു രാത്രി ഷഹന മുറിയില്‍ തിരിച്ചെത്തിയ ശേഷം എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നും ആ സംഭവമാണ് ജീവനൊടുക്കാന്‍ കാരണമായതെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) ഡോ.തോമസ് മാത്യുവിന്റെ റിപ്പോര്‍ട്ട്. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ഡിഎംഇ നിയോഗിച്ച മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
പ്രതി കരുനാഗപ്പള്ളി സ്വദേശി ഡോ.ഇ എ റുവൈസുമായി ഷഹ്ന അടുപ്പത്തിലായിരുന്നുവെന്നും വിവാഹം നടക്കില്ലെന്നു റുവൈസ് അറിയിച്ചതിനെ തുടര്‍ന്ന് ഷഹന വളരെ ദുഃഖിതയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഒരു മാസത്തിനു ശേഷം ഷഹന സാധാരണ രീതിയില്‍ ഇടപെട്ടിരുന്നതായാ് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്. പെട്ടന്നായിരുന്നു ആത്മഹത്യ. അന്നു രാത്രി സംഭവിച്ച എന്തെങ്കിലും കാരണമാകാം മരണത്തിനു പ്രേരിപ്പിച്ചതെന്നാണ് മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്.
ഇത്രയധികം സ്ത്രീധനം തരാന്‍ തന്റെ കുടുംബത്തിനു കഴിയില്ലെന്നും താന്‍ മരിക്കാന്‍ പോവുകയാണെന്നും ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഷഹന റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ റുവൈസ് സന്ദേശം വായിച്ച ശേഷം അത് ഡിലീറ്റ് ചെയ്യുകയും ഷഹനയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നീടാണ് ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.