ഫ്ളോറിഡ: പുനർരൂപകൽപ്പന ചെയ്ത പാഠ്യപദ്ധതി മാർഗനിർദേശങ്ങളുടെ കീഴിൽ, ഫ്ളോറിഡയിലെ സ്കൂളുകളിൽ കുട്ടികൾ ഇനി മുതൽ വില്യം ഷേക്സ്പിയറുടെ നാടകങ്ങൾ പൂർണമായി പഠിക്കുന്നതിന് പകരം അതിന്റെ സംഗ്രഹം മാത്രമേ വായിക്കൂ. ലൈംഗിക ഉള്ളടക്കമുള്ള കൃതികളെ പാഠ്യപദ്ധതിയിൽ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമമാണ് ഇതിന് വഴിവച്ചിരിക്കുന്നത്.
ഫ്ളോറിഡയിലെ നിരവധി സ്കൂളുകളിൽ ഷേക്സ്പിയറിന്റേതുൾപ്പെടെയുള്ള ക്ലാസിക് കൃതികൾക്ക് നിയമം ചുവപ്പു കൊടി വീശിയിരിക്കുകയാണ്. ‘പോണോഗ്രഫിയോ ലൈംഗികതയെ അശ്ലീലമായി ചിത്രീകരിക്കുന്ന’ തരത്തിലുള്ള ഉള്ളടക്കങ്ങളോ കുട്ടികളുടെ മനസിനെ വികൃതമാക്കും എന്നാണ് പുതിയ പാഠ്യപദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രാബല്യത്തിൽ വന്ന നിയമം പറയുന്നത്.
ഹിൽസ്‌ബറോ കൗണ്ടിയിലെ ഗെയ്‌തർ ഹൈസ്‌കൂളിലെ വായനാ അധ്യാപകനായ ജോസഫ് കൂൾ ഈ നീക്കത്തെ വിമർശിച്ചു. ലോകം തങ്ങളെ നോക്കി ചിരിക്കുമെന്ന് ജോസഫ് കൂൾ പറഞ്ഞു.
ഷേക്‌സ്‌പിയർ നാടകങ്ങളിൽ പലതും സൂചനാ പദപ്രയോഗങ്ങളും വ്യംഗ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. “റോമിയോ ആൻഡ് ജൂലിയറ്റ്” എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ വിവാഹത്തിനു മുമ്പു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. ഷേക്‌സ്‌പിയറിന്റെ പുസ്തകങ്ങൾ സ്‌കൂളുകളിലെ മീഡിയ സെന്ററുകളിൽ ലഭ്യമാകുമെന്ന് ടാമ്പ പ്രദേശം ഉൾക്കൊള്ളുന്ന ജില്ലാ അധികൃതർ അറിയിച്ചു.
“ഒന്നാമതായി, ഞങ്ങളുടെ ഹൈസ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് ഞങ്ങൾ ഷേക്സ്പിയറിനെ ഒഴിവാക്കിയിട്ടില്ല. ക്ലാസിൽ ഉദ്ധരണികൾ വായിക്കാൻ വിദ്യാർത്ഥികൾക്ക് ഇപ്പോഴും പുസ്തകങ്ങൾ ഉണ്ടായിരിക്കും,” പ്രസ്താവനയിൽ പറയുന്നു. “സ്റ്റേറ്റിന്റെ മാനദണ്ഡങ്ങൾക്കും നിലവിലെ നിയമത്തിനും അനുസൃതമായി പാഠ്യപദ്ധതി മാർഗനിർദേശങ്ങൾ വർഷം മുഴുവനും തുടർച്ചയായി അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യും.”
കഴിഞ്ഞ വർഷമാണ് വിവാദമായ ‘ഡോണ്ട് സേ ഗേ’ നിയമം നിലവിൽ വന്നത്. ‘ഡോണ്ട് സേ ഗേ’ നിയമ പ്രകാരം കുട്ടികള്‍ തങ്ങളുടെ ലൈംഗിക അഭിരുചി വെളിപ്പെടുത്തിയാല്‍ അത് അധ്യാപകര്‍ രക്ഷാകര്‍ത്താക്കളെ അറിയിക്കേണ്ടതുണ്ട്. ക്ലാസ് മുറികളില്‍ സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തടയിടുന്നതുമാണ് നിയമം. ഫ്‌ളോറിഡ വിദ്യാഭ്യാസ വകുപ്പ് നാലാം ഗ്രേഡ് മുതല്‍ 12 ാം ഗ്രേഡ് വരെ നിയമം നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് പുതിയ നിയമം.