
കോട്ടയം: കൊച്ചിയില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഷവര്‍മ്മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. കോട്ടയം സ്വദേശിയായ രാഹുലാണ് ഷവര്‍മ്മ കഴിച്ച ഗുരുതരാവസ്ഥയിലായത്. നിലവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന രാഹുലിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം സ്വദേശിയായ 23 കാരന്‍ രാഹുല്‍ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇന്നലെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് യുവാവ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊച്ചി കാക്കനാട് മാവേലിപുരത്തുള്ള ഹോട്ടല്‍ ഹയാത്തിനെതിരെ ആണ് വീട്ടുകാര്‍ പരാതി നല്‍കിയത്. പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോട്ടല്‍ ഹയാത്തില്‍ നിന്ന് ഷവര്‍മ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ നല്‍കി വരുത്തിച്ച് കഴിക്കുകയായിരുന്നു. ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയതെന്നും പരാതിയില്‍ പറയുന്നു. പരാതിക്ക് പിന്നാലെ നഗരസഭ ഹെല്‍ത്ത് വിഭാഗം എത്തി ഹോട്ടല്‍ ഹയാത്തില്‍ പരിശോധന നടത്തുകയും ഹോട്ടല്‍ പൂട്ടിക്കുകയും ചെയ്തു. ഹോട്ടല്‍ പൂട്ടി സീല്‍ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചിട്ടുണ്ട്.












