അവൾ വലിയ സ്വപ്നങ്ങൾ കണ്ടു, പക്ഷെ ജീവിതം പാതിവഴിയിൽ അവളെ തട്ടിയെടുത്തു; യുഎസിൽ അപകടത്തിൽ കൊല്ലപ്പെട്ട ജാനവിയുടെ വീട്ടുകാർ പറയുന്നു

ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ നിന്നുള്ള ജാഹ്‌നവി കണ്ഡുല എന്ന 23 കാരിയായ വിദ്യാർത്ഥിനി യുഎസിൽ ഒരു അപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഒമ്പത് മാസത്തിലേറെയായി, എന്നാൽ കുടുംബത്തെ സംബന്ധിച്ചിടത്തോളം ജാഹ്നവിയുടെ മരണം നൽകിയ വേദന അവസാനിക്കാത്തതാണ്. സിയാറ്റിൽ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഡിറ്റക്റ്റീവ് പെൺകുട്ടിയെ പൊലീസ് വാഹനം ഇടിച്ചതെങ്ങനെയെന്നും ഈ പെൺകുട്ടിയുടെ ജീവന് വിലയില്ലെന്നും പതിനൊന്നായിരം ഡോളറിന്റെ ഒരു ചെക്ക് എഴുതാനും പറഞ്ഞുകൊണ്ട് ചിരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.

ജനുവരി അഞ്ചിന് നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സിയാറ്റിൽ കാമ്പസിൽ നിന്ന് ഇൻഫർമേഷൻ സിസ്റ്റത്തിൽ എംഎസ് ബിരുദം നേടിയ ജാഹ്‌നവി മടങ്ങുന്നതിനിടെ പൊലീസ് കാർ ഇടിച്ചാണ് കൊല്ലപ്പെട്ടത്. ആന്ധ്രാ പ്രദേശിലെ അദോണിയിലാണ് ജാഹ്നവിയുടെ മാതാപിതാക്കൾ. അമ്മ കെ. വിജയലക്ഷ്മി സ്കൂൾ അധ്യാപികയായിരുന്നു. അച്ഛൻ ശ്രീകാന്ത് പൊലീസ് ഉദ്യോഗസ്ഥനും. മകളുടെ വേർപാടിന്റെ വേദനയിലാണ് ഇപ്പോഴും ഇരുവരും.

“അവൾ വളരെ മിടുക്കിയായ ഒരുപാട് സ്നേഹമുള്ള ഒരു പെൺകുട്ടിയായിരുന്നു. കുട്ടിക്കാലം മുതലേ പഠനത്തിൽ മിടുക്കിയായിരുന്നു. നീണ്ട പരിശ്രമങ്ങളിലൂടെയാണ് യുഎസിലേക്ക് പോകാനുള്ള അവളുടെ സ്വപ്നം സാക്ഷാത്കരിച്ചത്,” അദോണിയിലെ വീട്ടിലിരുന്ന് മുത്തച്ഛൻ കെ സൂരിബാബു പറഞ്ഞു. “അവളുടെ മരണവാർത്ത മാതാപിതാക്കളെയും സഹോദരിയെയും മുഴുവൻ കുടുംബത്തെയും തകർത്തു. അവൾ വലിയ സ്വപ്നം കാണാൻ ധൈര്യപ്പെട്ടു, അത് നിറവേറ്റാൻ അവൾക്ക് കഴിഞ്ഞു, പക്ഷേ നിർഭാഗ്യവശാൽ ജീവിതം ഭയാനകമായ രീതിയിൽ അതിന് വിരാമമിട്ടു.”

“ജനുവരിയിലെ ആ വാർത്ത ഞങ്ങൾക്ക് ഒരിക്കലും കരകയറാനാകാത്ത ഒരു ഞെട്ടലായിരുന്നു. ഇടയ്ക്കിടെ ഞങ്ങളെ തേടി വേദനിപ്പിക്കുന്ന വാർത്തകൾ വരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും അവൾക്കുണ്ടായ ഭയാനകമായ പരിക്കുകളെക്കുറിച്ചും ആയിരുന്നു അത്. അവളുടെ മരണത്തെക്കുറിച്ച് അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥൻ തമാശ പറഞ്ഞതിനെക്കുറിച്ച് ഇന്നലെ ഞമ്മൾ വായിച്ചു. ഇതെല്ലാം വളരെ വേദനിപ്പിക്കുന്നു, വളരെ നിരാശാജനകമാണ്. അവളുടെ മരണതിന് ശേഷം വീണ്ടും ആ മാനസികാവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്നത് ഞങ്ങളുടെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു,”അദ്ദേഹം പറഞ്ഞു.

ജാഹ്നവിയുടെ മരണത്തിന് ശേഷം അമ്മ വിജയലക്ഷ്മി സ്കൂളിലെ ജോലി രാജിവച്ചു. “അവൾ ഇതുവരെ സുഖം പ്രാപിച്ചിട്ടില്ല. അവൾ ആരോടും സംസാരിക്കാറില്ല, ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല,”സൂരിബാബു പറഞ്ഞു.

ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള ജാഹ്‌നവി അദോണിയിലെ ഡോ.ജ്യോതിർമയി ഡിഗ്രി കോളേജിൽ ചേരുന്നതിന് മുമ്പ് സർക്കാർ സ്‌കൂളിലാണ് ആദ്യം പഠിച്ചത്. അവൾ 2019-ൽ ബി.കോം പൂർത്തിയാക്കി. പിന്നീട് രണ്ട് വർഷത്തെ എം.എസ് കോഴ്‌സിന് 2020 സെപ്റ്റംബറിൽ യു.എസിലേക്ക് പോയി.

ജൂൺ 4 ന് അവൾക്ക് 23 വയസ്സ് തികഞ്ഞു. “ഇവിടെ ഡിഗ്രി കോഴ്‌സ് ചെയ്യുന്നതിനിടയിൽ, ഒരു യുഎസ് സർവ്വകലാശാലയിൽ നിന്ന് എംഎസ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സിയാറ്റിലിൽ സ്ഥിരതാമസമാക്കിയ ഒരു കസിൻ സഹോദരിയുടെ സഹായത്തോടെ എല്ലാം സ്വന്തമായി ചെയ്തു. അവൾ ഓൺലൈനിൽ യുഎസ് സർവകലാശാലകൾ വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകൾ അന്വേഷിച്ചു, സ്വന്തമായി താമസസൗകര്യം ഒരുക്കി, യാത്രാ ക്രമീകരണങ്ങൾ ചെയ്തു. അവൾക്ക് കുറച്ച് പണം നൽകാമെന്നല്ലാതെ, അവളുടെ മാതാപിതാക്കൾക്ക് പുറംലോകത്തെക്കുറിച്ച് കൂടുതലറിയില്ല. അവൾ തന്നെ എല്ലാം ചെയ്തു,” അടുത്ത ബന്ധു പറഞ്ഞു.

“അവൾ നന്നായി പഠിച്ചു. യൂണിവേഴ്സിറ്റി കാമ്പസ് അവൾക്ക് മണിക്കൂറിന് 16 ഡോളർ നൽകുന്ന 3 മണിക്കൂർ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു. ബിരുദദാനത്തിനായി കാത്തിരിക്കുകയായിരുന്നു, നല്ല അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. സമ്പാദിക്കാനും കുടുംബത്തെ നോക്കാനുമുള്ള ആവേശത്തിലായിരുന്നു അവൾ,”അദ്ദേഹം പറഞ്ഞു.