
ന്യൂഡൽഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിനിടെ, ശിരോമണി അകാലിദള്‍ പ്രസിഡന്റും എംപിയുമായ സുഖ്ബീർ സിങ് ബാദൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ–കാനഡ തർക്കം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ബാദൽ, വീസ നൽകുന്നത് നിർത്തിയത് ഗുരുതരമായി ബാധിക്കുമെന്നും പറഞ്ഞു.
‘‘ഇന്ത്യയും കാനഡയും തമ്മിലുള്ള നിലവിലെ സാഹചര്യം കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരെയാണ് ബാധിക്കുന്നത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാകുന്ന അവസ്ഥയാണ് രൂപപ്പെടുന്നത്. കേന്ദ്രസർക്കാർ ഉടൻ പരിഹാരം കാണണം. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർഥിച്ചിട്ടുണ്ട്’’– അദ്ദേഹം പറഞ്ഞു. കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള വീസ സേവനങ്ങൾ നിർത്തിവച്ചതിൽ അഗാധമായ ആശങ്കയുണ്ടെന്നും ബാദൽ പറഞ്ഞു.












