ലുവിസ്റ്റൺ വെടിവയ്പ്: കൊലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

വാഷിങ്ടൺ: അമേരിക്കയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മെയ്നിയിലെ ലുവിസ്റ്റണിൽ 18 പേരെ വെടിവച്ചു കൊന്ന കൊലയാളി മരിച്ച നിലയിൽ. സംഭവം നടന്ന സ്ഥലത്തിന് 10 മൈൽ അകലെ മുറിവേറ്റ നിലയിലാണ് റോബർട്ട് കാർഡിൻ്റെ മൃതദേഹം കണ്ടെത്തിയത്. ലിസ്ബൺ ഫോൾസിനു സമീപം നദിക്കരയിൽ യുഎസ് സമയം വെള്ളിയാഴ്ച രാത്രി 7.45 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത് എന്നു പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

‘ഇനി അയാൾ ഒരു ഭീഷണിയേയല്ല.. അയാൾ ഏൽപ്പിച്ച മുറിവുകൾ സുഖപ്പെടാനായി നമുക്ക് അൽപം സമയം കാത്തിരിക്കാം..’ മെയ്നി ഗവർണർ ജാനറ്റ് മിൽസ് ജനങ്ങളോട് പറഞ്ഞു. കൊലയാളി എവിടെയെന്ന് അറിയാത്തതിനാൽ ലെവിസ്റ്റണും പരിസരത്തുമുള്ള ജനങ്ങളെല്ലാം വീടുകളിൽ അടച്ചു പൂട്ടി കഴിയുകയായിരുന്നു. സ്കൂളുകളും തുറന്നിരുന്നില്ല.

ബുധനാഴ്ച രാത്രി ലുവിസ്റ്റൺ നഗരത്തിലെ 3 ഇടങ്ങളിൽ ഓടി നടന്ന് റോബർട്ട് കാർഡ് വെടിയിതിർക്കുകയും 18 പേർ കൊല്ലപ്പെടുകയും ചെയ്തു. 50 പേർക്ക് പരുക്കേറ്റു. 13 പേരുടെ നില ഗുരുതരമാണ്. നഗരത്തിലെ ഒരു ബോളിങ് പരിശീലന കേന്ദ്രത്തിലും ബാറിലും ഇയാൾ വെടിവച്ചു. തോക്കു ചൂണ്ടി ഇയാൾ നടന്നു പോകുന്ന ചിത്രം പൊലീസ് അപ്പോൾ തന്നെ പുറത്തുവിട്ടിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. ഭയന്നുപോയ പ്രദേശവാസികളോട് വീടുകളിൽ തന്നെ കഴിയാൻ പൊലീസ് നിർദേശം നൽകി. സ്കൂളുകളോ വ്യാപാരസ്ഥാപനങ്ങളോ തുറന്നില്ല. ഇന്നലെ പ്രദേശത്ത് നൂറിലേറെ പൊലീസ് സംഘം പരിശോധനകൾ നടത്തുന്നുണ്ടായിരുന്നു. ഹെലികോപ്ടറുകൾ അടക്കം കൊണ്ടു വന്നു പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. നദിയിൽ മുങ്ങിത്തപ്പാൻ പൊലീസ് പദ്ധതിയിട്ടിരുന്നു. സംഭവത്തിനു ശേഷം 48 മണിക്കൂർ കഴിയുമ്പോളാണ് കൊലയാളിയുടെ മൃതദേഹം കിട്ടുന്നത്. ഇയാളുടെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഇയാളുടെ വീട്ടിലും പരിസരത്തുമെല്ലാം പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായും രണ്ടാഴ്ച ചിത്തരോഗാശുപത്രിയിൽ കഴിഞ്ഞിരുന്നതായും ബന്ധുക്കൾ അറിയിച്ചു. യുഎസ് പട്ടാളത്തിൽ ജോലി ചെയ്തിരുന്നു. വിരമിച്ച ശേഷം ഷൂട്ടിങ്പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

Maine shooting rampage suspect found dead

More Stories from this section

family-dental
witywide