സിക്കിം മിന്നൽ പ്രളയം: 4 സൈനികർ ഉൾപ്പെടെ 19 മരണം

ഗാങ്ടോക്: സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 19 ആയി. മരിച്ചവരില്‍ നാല് സൈനികരും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണാതായ 22 സൈനികരടക്കം നൂറിലധികം ആളുകളെ ഇനിയും കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാണാതായ സൈനികരില്‍ ഒരാള്‍ രക്ഷപ്പെട്ടതായും ആയിരത്തിലധികം ആളുകള്‍ ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഒക്ടോബർ 15 വരെ സിക്കിമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടീസ്റ്റ നദിക്കരയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. കരസേന, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിച്ചു. മിന്നൽ പ്രളയം സംഹാരതാണ്ഡവമാടിയ സിക്കിമിൽ 11 പാലങ്ങളും 277 വീടുകളും ഒലിച്ചുപോയിട്ടുണ്ട്.

വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ നാലിന് പുലര്‍ച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ്താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞു. ചുങ്താങ്ങിലെ ടീസ്റ്റ സ്റ്റേജ് III അണക്കെട്ടില്‍ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികള്‍ അണക്കെട്ടിന്റെ തുരങ്കങ്ങളില്‍ കുടുങ്ങിയതായി പഥക് അറിയിച്ചു.