മിന്നൽ പ്രളയം; സിക്കിമിൽ 14 മരണം, 102 പേരെ കാണാതായി

ഗാങ്ടോക്: വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തിൽ ടീസ്റ്റ നദീതടത്തിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ബുധനാഴ്ച 14 പേർ മരിക്കുകയും 22 സൈനികർ ഉൾപ്പെടെ 102 പേരെ കാണാതാവുകയും ചെയ്തു. മരിച്ച 14 പേരും സാധാരണക്കാരാണെന്ന് തിരിച്ചറിഞ്ഞു. രാവിലെ കാണാതായ 23 സൈനികരിൽ ഒരാളെ പിന്നീട് രക്ഷപ്പെടുത്തിയതായും ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു.

മരിച്ചവരിൽ പത്ത് പേരിൽ മൂന്ന് പേർ വടക്കൻ ബം​ഗാളിൽ നിന്നുളളവരാണ്. ആയിരത്തിലധികം ആളുകൾ ഒറ്റപ്പെട്ടതായും റിപ്പോർ‌ട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തോളം വിനോദസഞ്ചാരികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞു. ചുങ്താങ്ങിലെ ടീസ്റ്റ സ്റ്റേജ് III അണക്കെട്ടിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ അണക്കെട്ടിന്റെ തുരങ്കങ്ങളിൽ കുടുങ്ങിയതായി പഥക് അറിയിച്ചു.

പുലർച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ്താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് സാഹചര്യം കൂടുതൽ വഷളാക്കിയതെന്ന് അധികൃതർ പറഞ്ഞു. സൈനിക വാഹനങ്ങൾ അടക്കം ഒലിച്ചു പോയതായാണ് റിപ്പോർട്ട്. 14 പാലങ്ങൾ ഒലിച്ചു പോയതിനാൽ റോഡ് ​ഗതാ​ഗതം തകർന്നിരിക്കുകയാണ്. ഇതിൽ ഒമ്പതെണ്ണം ബോർഡർ‌ റോഡ്സ് ഓർ​ഗനൈസേഷൻ നിർമ്മിച്ചതാണ്. അഞ്ചെണ്ണം സംസ്ഥാന സർക്കാർ നിർ‌മ്മിച്ചതുമാണെന്ന് പഥക് പറഞ്ഞു.

സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങുമായി സംസാരിച്ചിരുന്നു. ‘സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങുമായി സംസാരിക്കുകയും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നിർഭാഗ്യകരമായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. ദുരിതബാധിതരായ എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു,’ മോദി എക്‌സിൽ കുറിച്ചു.

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. സിങ്തമിലെ നദീതടത്തിന് സമീപമുള്ളവരെ നഗരത്തിലെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.