
സിംഗപ്പൂർ: യാത്രക്കിടെ സ്ത്രീയെയും കുട്ടിയെയും അധിക്ഷേപിച്ച സിംഗപ്പൂർ ചൈനീസ് ടാക്സി ഡ്രൈവർക്കെതിരെ അന്വേഷണം. സിംഗപ്പൂരിൽ ടാക്സി സേവനങ്ങൾ നൽകുന്ന കമ്പനിയായ ടാഡയിലെ ഡ്രൈവറാണ് വംശീയമായി പെരുമാറിയത്. ബുക്ക് ചെയ്ത സ്ഥാനത്തേക്ക് ചൈനീസ് ഡ്രൈവർ സ്ത്രീ യാത്രക്കാരിയെയും മകളെയും കൊണ്ടുപോകുന്നതിനിടെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നുവെന്നാണ് പരാതി.
“നിങ്ങൾ ഇന്ത്യക്കാരിയാണ്, നിയമലംഘകരുമാണ്” എന്നുതുടങ്ങി ചൈനീസ് ടാക്സി ഡ്രൈവറുടെ വംശീയ അധിക്ഷേപം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ശനിയാഴ്ചയാണ് സിംഗപ്പൂരിൽ യൂറേഷ്യൻ വംശജയോട് ചൈനീസ് ടാക്സി ഡ്രൈവർ അതിക്രമം കാണിച്ചത്.
യൂറേഷ്യൻ വംശജയായ ജാനല്ലെ ഹൊയ്ഡനാണ് അധിക്ഷേപത്തിനിരയായത്. ട്രാഫിക്ക് കുരുക്ക് കാരണം റോഡ് ബ്ലോക്കായതിനെ തുടർന്ന് യാത്രക്കാരിയോട് കയർത്തു സംസാരിച്ച ഡ്രൈവർ അവർ ഇന്ത്യക്കാരിയാണെന്ന് കരുതി ആക്രോശിക്കുകയായിരുന്നു.
സംഭവം സ്ത്രീ മൊബൈലിൽ പകർത്തി സോഷ്യൽ മീഡയയിൽ പോസ്റ്റു ചെയ്തു. അതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ടാഡ അധികൃതർ പറഞ്ഞു. നിരവധി പേരാണ് വീഡിയോക്കു താഴെ കമന്റുമായി രംഗത്തു വന്നത്.















