യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലേക്ക്; മൂന്നു ദിവസത്തെ സന്ദർശനം

ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യ്യെച്ചൂരിയുടെ നേതൃത്വത്തിൽ നാലംഗ സംഘം ഇന്ന് മണിപ്പൂരിലെത്തും. ത്രിപുര സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരാണ് സംഘത്തിൽ ഉള്ളത്. ഓഗസ്റ്റ് 18 മുതൽ 20 വരെ സംഘം മണിപ്പൂരിലുണ്ടാകും.

കലാപം തുടരുന്ന മണിപ്പൂർ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധരാണെന്നു യെച്ചൂരി പ്രതികരിച്ചു. സംഘർഷബാധിത പ്രദേശങ്ങൾക്ക് പുറമെ ചുരാചന്ദ്പൂർ, മൊയ്‌റാങ്, ഇംഫാൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും പ്രതിനിധി സംഘം സന്ദർശിക്കും.

മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇന്ത്യ അവർക്കൊപ്പമാണെന്ന് പറയുകയും ചെയ്യുകയാണ് സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്ന് യെച്ചൂരി പ്രതികരിച്ചു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവെക്കണമെന്നും മേഖലയിൽ സ്ഥിരതയും ഐക്യവും കൊണ്ടുവരേണ്ടതിന്റെ അടിയന്തരാവശ്യത്തിന് ഊന്നൽ നൽകണമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

“മണിപ്പൂരിലെ മുഖ്യമന്ത്രിയെ പുറത്താക്കണം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും.”