
പാരിസ്: ആക്രമണ ഭീഷണിയെത്തുടർന്ന് ഫ്രാൻസിലുടനീളമുള്ള ആറ് വിമാനത്താവളങ്ങൾ ബുധനാഴ്ച ഒഴിപ്പിച്ചതായി പൊലീസ് വൃത്തങ്ങൾ. വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
പാരീസിനടുത്തുള്ള ലില്ലെ, ലിയോൺ, നാന്റസ്, നൈസ്, ടൗളൂസ്, ബ്യൂവായിസ് വിമാനത്താവളങ്ങളാണ് ഒഴിപ്പിച്ചത്. ആളുകളെ ഒഴിപ്പിക്കുക വഴി ഭീഷണികൾ യഥാർത്ഥമാണോ എന്ന സംശയം പരിഹരിക്കാൻ അധികാരികളെ സഹായിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഒക്‌ടോബർ 7ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനും വെള്ളിയാഴ്ച ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിനോട് കൂറ് അവകാശപ്പെടുന്ന ഒരാൾ വടക്കൻ നഗരമായ അരാസിൽ അധ്യാപകനെ മാരകമായി കുത്തിക്കൊന്നതിനും ശേഷം ഫ്രാൻസിൽ നിരവധി ബോംബു ഭീഷണികൾ ഉയർന്നിരുന്നു.
ലില്ലെ, ലിയോൺ, ടൗലൗസ്, ബ്യൂവൈസ് എന്നിവിടങ്ങളിൽ ഭീഷണിയെ തുടർന്ന് ഒഴിപ്പിക്കൽ നടന്നതായി ഫ്രാൻസിലെ ഡിജിഎസി ഏവിയേഷൻ അതോറിറ്റിയുടെ വക്താവ് സ്ഥിരീകരിച്ചു. കൂടുതൽ വിശദാംശങ്ങൾ ഉടൻ നൽകാൻ കഴിഞ്ഞില്ലെന്നും വ്യക്തമാക്കി.