
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് എംഎല്‍എ പൊന്നാട സതീഷിന്റെ ബന്ധുക്കളായ ആറുപേര്‍ ടെക്‌സാസില്‍ വാഹനാപകടത്തില്‍ മരിച്ചു. മറ്റൊരു ബന്ധുവിന്റെ വീട് സന്ദര്‍ശിച്ച് രാവിലെ പ്രാദേശിക മൃഗശാലയില്‍ പോയവരാണ് മരണപ്പെട്ടവര്‍. വീട്ടിലേക്ക് മടങ്ങും വഴി, രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് ട്രക്ക് അവരുടെ വാഹനമായ മിനിവാനില്‍ ഇടിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ ബിആര്‍ അംബേദ്കര്‍ കോണസീമ ജില്ലയിലെ അമലാപുരം സ്വദേശികളായ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍. നാഗേശ്വര റാവു, ഭാര്യ സീതാമഹാലക്ഷ്മി, മകള്‍ നവീന, കൊച്ചുമക്കളായ ക്രുതിക്, നിഷിത എന്നിവരാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ് എംഎല്‍എ പൊന്നാട സതീഷിന്റെ അമ്മാവനാണ് നാഗേശ്വര റാവു. അമലപുരം സ്വദേശികളായ നാഗേശ്വര റാവുവും സീതാമഹാലക്ഷ്മിയും ഏകദേശം രണ്ട് മാസം മുമ്പ് യുഎസിലുള്ള മകളെ കാണാന്‍ പോയതായിന്നുവെന്നും ക്രിസ്മസ് അവധിക്കാലത്ത് യാത്ര ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമ്മാവന്‍ നാഗേശ്വര റാവുവും കുടുംബവും അറ്റ്‌ലാന്റയിലാണ് താമസിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്മസ് ദിനത്തില്‍ ടെക്‌സസിലെ ചില ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഡിസംബര്‍ 26 ന് വൈകുന്നേരം 4 മണിയോടെ (പ്രാദേശിക സമയം) ഒരു ട്രക്ക് അവരുടെ കാറില്‍ ഇടിച്ചാണ് അപകടം.















