ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബിജെപിയുടെ വനിതാ എംപിമാര്‍ക്ക് രാഹുല്‍ ഗാന്ധി ‘ഫ്‌ളയിങ് കിസ്’ നല്‍കിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീവിരുദ്ധനായ ഒരാള്‍ക്ക് മത്രമേ പാർലമെന്റുപോലെയൊരു സഭയില്‍ ഇങ്ങനെ ചെയ്യാനാകൂ എന്നും രാഹുലിന്റെ പ്രവൃത്തി അശ്ലീലമാണെന്നും സ്മൃതി ഇറാനി ലോക്‌സഭയില്‍ പറഞ്ഞു. സംഭവത്തില്‍ ബിജെപി വനിതാ എംപിമാർ രാഹുലിനെതിരെ സ്പീക്കര്‍ ഓം ബിർളയ്ക്ക് പരാതി നല്‍കി.
മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി, പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. സ്മൃതി ഇറാനിയുടെ ആരോപണത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി ശോഭ കരന്തലജെയും രംഗത്തെത്തിയിട്ടുണ്ട്.
സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാനുള്ള നിയമ നിർമ്മാണം നടക്കുന്ന ഒരു സഭയാണ് സഭ്യമല്ലാത്തതും സ്ത്രീവിരുദ്ധവുമായ ഒരു നടപടിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഇത്തരമൊരു വ്യക്തിയെ സഭാ ചുമതയിലേക്ക് തിരിച്ചെത്തിക്കേണ്ടതുണ്ടോ എന്നതാണ് ഇവിടുത്തെ ചോദ്യമെന്നും സ്മൃതി ഇറാനി പ്രതികരിച്ചു.
ദൃക്സാക്ഷികളെ ഉദ്ദരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ്, പ്രസംഗം കഴിഞ്ഞ് രാഹുൽ ഗാന്ധി ഇറങ്ങി വരുന്നതിനിടെ അദ്ദേഹത്തിന്റെ കയ്യിലിരുന്ന ഫയലുകൾ താഴെ വീണു. അതെടുക്കാനുള്ള ശ്രമത്തിനിടെ ബിജെപി എംപിമാർ അദ്ദേഹത്തെ നോക്കി ചിരിച്ചു. ഈ സമയം, ഭരണകക്ഷി എംപിമാർക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കി. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രസംഗിക്കുന്നതിനിടെയാണ് ഇത് നടന്നത് എന്നതിനാല്‍ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞില്ല.
അതേസമയം, ബിജെപി എംപിമാരെ സഹോദരി, സഹോദരന്മാരെ എന്ന് വിളിച്ചുകൊണ്ടാണ് ട്രഷറി ബെഞ്ചുകള്‍ക്ക് നേരെ രാഹുല്‍ ഫ്ളെെയിങ് കിസ് നല്‍കിയതെന്നും, ഏതെങ്കിലും മന്ത്രിയെയോ എംപിയെയോ ലക്ഷ്യം വച്ചല്ലായിരുന്നു പ്രവൃത്തിയെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു. വിമർശനങ്ങളോട് പ്രതികരിച്ച കോൺഗ്രസ് എംപി മാണിക്കം ടാഗോർ, സ്മൃതി ഇറാനിക്ക് ‘രാഹുൽ-ഫോബിയ’ ആണെന്ന് ആരോപിച്ചു.
ഇതാദ്യമായല്ല രാഹുൽ ഗാന്ധി സഭയിലെ പെരുമാറ്റങ്ങളുടെ പേരില്‍ വിമർശിക്കപ്പെടുന്നത്. 2018-ല്‍ ലോക്സഭയില്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുകയും, സഹപ്രവർത്തകർക്ക് നേരെ കണ്ണിറുക്കി കാണിക്കുകയും ചെയ്ത രാഹുല്‍ ഗാന്ധിയുടെ നടപടി വലിയ ചർച്ചയായിരുന്നു.