‘പ്രകടനം കണ്ടാസ്വദിച്ച് പണം തന്നില്ല’; ട്രെയിനിൽ പാമ്പിനെ തുറന്നുവിട്ട് ദേഷ്യം തീര്‍ത്ത് പാമ്പാട്ടികള്‍

കൊൽക്കത്ത: ട്രെയിനിനുള്ളിൽ പാമ്പുകളെ തുറന്നുവിട്ട് ഭയാനക അന്തരീക്ഷം സൃഷ്ടിച്ച് പാമ്പാട്ടികൾ. ബംഗാളിലെ ഹൗറയിൽനിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പുറപ്പെട്ട ചമ്പൽ എക്‌സ്പ്രസിന്റെ ജനറൽ കോച്ചിലാണ് സംഭവം.

ട്രെയിനില്‍ നാല് പാമ്പാട്ടികളാണ് പാമ്പുകളെ തുറന്നുവിട്ട് യാത്രക്കാരെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്. ട്രെയിനില്‍ യാത്ര ചെയ്യവെ ചില്ലറ പൊടിക്കൈകളും പ്രകടനങ്ങളുമൊക്കെ കാണിച്ച് സഹ യാത്രക്കാരില്‍നിന്നു സംഭാവന ചോദിച്ചത്. എന്നാല്‍ ചില യാത്രക്കാര്‍ പണം നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ പാമ്പാട്ടികള്‍ ഉത്തര്‍പ്രദേശിലെ മഹോബയ്ക്ക് സമീപം ട്രെയിന്‍ എത്തിയപ്പോളാണ് പാമ്പുകളെ കൂടയില്‍നിന്നു തുറന്നുവിട്ടത്.

പാമ്പിറങ്ങിയതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ അപ്പര്‍ ബര്‍ത്തിലേക്ക് ഇരച്ചു കയറി. ചിലര്‍ ഉടന്‍ തന്നെ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും അടുത്ത സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ് പാമ്പാട്ടികള്‍ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടോടി. എന്തായാലും പോകുന്ന പോക്കില്‍ പാമ്പുകളേയും കൊണ്ടാണ് പാമ്പാട്ടികള്‍ രക്ഷപ്പെട്ടത്. എങ്കിലും ഝാന്‍സി സ്റ്റേഷനില്‍വച്ച് യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി പാമ്പുണ്ടോയെന്ന് അധികൃതര്‍ പരിശോധന നടത്തി. കോച്ചിനുള്ളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് പാമ്പിനെയൊന്നും കണ്ടെത്താനായില്ല.

എല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയതിന് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെങ്കിലും പാമ്പാട്ടികള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

More Stories from this section

dental-431-x-127
witywide