തിരുവനന്തപുരം: സോളര്‍ക്കേസില്‍ പരാതിക്കാരിയുടെ കത്തുകള്‍ കൈമാറിയത് സിപിഎം നേതാക്കളുടെ സമ്മര്‍ദം മൂലമെന്ന് ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ . സിബിഐക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എല്‍ഡിഎഫിനെ സഹായിക്കുമെന്ന് പറഞ്ഞ് നിരന്തരം സമ്മര്‍ദം ചെലുത്തിയതിനാല്‍ കത്ത് മാധ്യമ പ്രവര്‍ത്തകനായ ജോഷി കുര്യനു കൈമാറുകയായിരുന്നു എന്നും മൊഴിയിലുണ്ട്.
അതിനിടെ പരാതിക്കാരിയുടെ കത്ത് 50 ലക്ഷം രൂപ കൊടുത്ത് നന്ദകുമാര്‍ വാങ്ങുകയായിരുന്നു എന്ന വിവരവും പുറത്തുവന്നു. കെ.ബി. ഗണേഷ് കുമാറിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ശരണ്യ മനോജിന്റെ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. പരാതിക്കാരിക്ക് 50 ലക്ഷം നല്‍കിയാണ് നന്ദകുമാര്‍ കത്ത് കൈപ്പറ്റിയത്. പിന്നീട് നന്ദകുമാര്‍ ഒരു ചാനലിന് 50 ലക്ഷത്തിന് അത് നല്‍കിയെന്നും പിന്നീടും പരാതിക്കാരിക്ക് നന്ദകുമാര്‍ പണം നല്‍കിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
പരാതിക്കാരി എഴുതിയത് 21 പേജ് കത്തായിരുന്നു എന്നും അത് ചാനലിന് നല്‍കിയപ്പോള്‍ 25 പേജ് ഉണ്ടായിരുന്നു എന്നും പരാതിക്കാരിയുടെ വിശ്വസ്തനായ വിനുകുനാര്‍ സിബിഐക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സോളര്‍ പീഢനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ ഗൂഢാലോചന നടന്നെന്നും യഥാര്‍ഥ കത്തില്‍ ഉമ്മൻചാണ്ടിക്കെതിരെ ആരോപണമുണ്ടായിരുന്നില്ലെന്നുമുള്ള വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.