സോളര്‍ പീഡന പരാതിക്കാരിയുടെ കത്ത് പിണറായിയേയും വിഎസിനേയും കാണിച്ചിരുന്നു, 2 മുന്‍ യുഡിഎഫ് ആഭ്യന്തര മന്ത്രിമാര്‍ക്ക് ഇതില്‍ താല്‍പര്യമുണ്ടായിരുന്നു: ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി: സോളര്‍ പീ‍ഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് വിവാദമായിരിക്കെ കത്ത് പണം കൊടുത്തു വാങ്ങി എന്നു പറയപ്പെടുന്ന വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നു.

പരാതിക്കാരിയുടെ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കും മുമ്പ് സിപിഎമ്മിലെ ഉന്നത നേതാക്കളെ കാണിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ , അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ എന്നിവരെ കാണിച്ചിരുന്നു. കത്ത് പുറത്തുവിടാന്‍ മുഖഭാവം കൊണ്ടും ആംഗ്യം കൊണ്ടും പിണറായി ആവശ്യപ്പെട്ടു.

കത്ത് പുറത്തുവിടാന്‍ ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. സ്വന്തം താല്‍പര്യപ്രകാരമാണ് കത്ത് മാധ്യമ സ്ഥാപനത്തിന് നല്‍കിയത്.

കത്ത് പുറത്തുവന്ന ശേഷം പരാതിക്കാരിയുമായി താന്‍ പിണറായിയെ പോയി കണ്ടിട്ടില്ല. ആ ആരോപണം ശരിയല്ല. മുഖ്യമന്ത്രിയായ പിണറായിയെ കാണാന്‍ പരാതിക്കാരിക്ക് ഒരു സഹായവും നല്‍കിയിട്ടില്ല

തനിക്കെതിരെ സിബിഐ അന്വേഷണത്തിന് കാരണമായത് ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ടു തന്നെഅദ്ദേഹത്തിന് എതിരായ കത്ത് പുറത്തുവരട്ടെ എന്നു കരുതി. യു‍‍‍ഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്ക് സോളര്‍ വിവാദം ഉണ്ടാവണമെന്ന് താല്‍പര്യമുണ്ടായിരുന്നു. അവര്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല, പക്ഷേ മറ്റുള്ളവര്‍ മുഖേന ബന്ധപ്പെട്ടിട്ടുണ്ട്. കത്തിന്റെ ഒന്നാം പേജില്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ട്.

2016 ന് മുമ്പ് പിണറായി വിജയനെ 4 തവണ കണ്ടിട്ടുണ്ട്. ലാവ്ലിന്‍ കേസില്‍ അദ്ദേഹവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് അത് പരിഹരിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം കണ്ടിട്ടില്ല. അദ്ദേഹം എന്നോട് കടക്കുപുറത്ത് എന്നു പറഞ്ഞിട്ടില്ല.

ഇങ്ങനെ ഒരു കത്ത് കേരള കോണ്‍ഗ്രസ് ബി നേതാവ് ശരണ്യ മനോജിൻറെ കയ്യിലുണ്ടെന്ന് വാര്‍ത്ത വഴി അറിഞ്ഞു. അങ്ങനെ സ്വമേധയാ അയാളെ ബന്ധപ്പെട്ടു. പരാതിക്കാരിക്ക് പലതവണയായി 1.25 ലക്ഷം രൂപ കൊടുത്തിട്ടുണ്ട്. അവരുടെ ആവശ്യപ്രകാരമാണ് അത്. ബെന്നി ബഹ്നാനും തമ്പാനൂര്‍ രവിയും 50000 രൂപ നല്‍കാമെന്ന് പറഞ്ഞ് അവരെ കബളിച്ചിരുന്നു. അവരുടെ അമ്മയുടെ ചികില്‍സയ്ക്കു വേണ്ടിയാണ് പണം നല്‍കിയത്. കത്ത് കൈമാറിയതിന് ചാനലില്‍ നിന്ന് പണം വാങ്ങിയിട്ടില്ല. പത്രസമ്മേളനത്തിലാണ് നന്ദകുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്

More Stories from this section

dental-431-x-127
witywide