‘യുഎസിന്റെയും കാനഡയുടെയും പ്രശ്‌നങ്ങൾ ഒന്നല്ല’: ആരോപണങ്ങളിൽ ജയശങ്കർ

ബെംഗളൂരു: ഖലിസ്ഥാന്‍ വിഷയവുമായി ബന്ധപ്പെട്ട് യുഎസും കാനഡയും ഇന്ത്യയ്‌ക്കെതിരെ ആരോപിച്ചത് വ്യത്യസ്ത വിഷയങ്ങളാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ബെംഗളൂരുവിലെ പൊതുപരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയും ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണവും തമ്മില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ഇരു രാജ്യങ്ങളും അടുത്തിടെ ആരോപിച്ചിരുന്നു.

യുഎസ് വിഷയം അവതരിപ്പിച്ചപ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ കൂടി അറിയിച്ചു. ഗുര്‍പത്വന്ത് സിംഗ് പന്നൂനിനെ അമേരിക്കന്‍ മണ്ണില്‍ വച്ച് വധിക്കാന്‍ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന ശ്രമം തകര്‍ത്തെന്ന് യുഎസ് അടുത്തിടെ ആരോപിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണത്തിന് ഇന്ത്യ പ്രത്യേക സമിതിയും രൂപീകരിച്ചു. ഇന്ത്യ ഉത്തരവാദിത്തവും വിവേകവുമുള്ള രാജ്യമാണെന്നും മറ്റേതൊരു രാജ്യവും നല്‍കുന്ന ഇന്‍പുട്ടുകള്‍ പരിശോധിക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“വളരെ ഉത്തരവാദിത്തമുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്ന് എല്ലാവർക്കും അറിയാമെന്ന് ഞാൻ കരുതുന്നു. ചെയ്യുന്ന കാര്യങ്ങളിൽ നമ്മൾ വളരെ വിവേകികളാണ്. അന്താരാഷ്ട്ര ബന്ധങ്ങളിൽ കാലാകാലങ്ങളിൽ ഇത്തരം വെല്ലുവിളികൾ ഉയർന്നുവരാം“ വിദേശകാര്യമന്ത്രി പറഞ്ഞു.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം വിവാദമായിരുന്നു. 2020ൽ ഇന്ത്യ നിജ്ജറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. ഈ വർഷം ജൂൺ 18ന് സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്താണ് നിജ്ജാർ വെടിയേറ്റ് മരിച്ചത്.

More Stories from this section

family-dental
witywide