
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് സൂചന. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർക്കാണ് നിലവിൽ ചടങ്ങിലേക്ക് ക്ഷണമുള്ളത്. നാലു മാസത്തിനുള്ളിൽ പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കെ കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കുമോ എന്നത് വലിയ ആശയ കുഴപ്പങ്ങൾക്കാണ് വഴി വെച്ചിരുന്നു.ചടങ്ങിൽ സോണിയ ഗാന്ധിയോ പ്രതിനിധിയായി മറ്റാരെങ്കിലുമോ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് വ്യക്തമാക്കിയിരുന്നു.
മുസ്ലിം ലീഗ് ഉൾപ്പടെയുള്ള ഇന്ത്യൻ പ്രതിപക്ഷ ബ്ലോക്കിലെ സഖ്യ കക്ഷികളുമായി നടത്തിയ വിപുലമായ ചർച്ചകൾക്കൊടുവിലാണ് വിഷയത്തിൽ തീരുമാനം എടുത്തത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആവശ്യമായ തീരുമാനം കൈകൊള്ളുകയാണെന്നാണ് വിഷയത്തിൽ കോൺഗ്രസ് വിശദീകരണം നൽകിയിട്ടുള്ളത്. രാമക്ഷേത്ര പരിപാടിയിൽ പങ്കെടുക്കാതിരുന്നത് കോൺഗ്രസിനെയും ഇന്ത്യ സഖ്യ കക്ഷികളെയും ആക്രമിക്കാനുള്ള ആയുധമായി ബിജെപി ഉപയോഗിക്കുമെന്ന് സോണിയ ഗാന്ധി കരുതുന്നതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, പാർട്ടി വിട്ടുനിന്നാൽ അയോധ്യ രാമക്ഷേത്രം ബിജെപി സ്വന്തം പരിപാടിയായി മാറ്റുമെന്നും അതു തിരിച്ചടിയായി മാറുമെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ.
സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങൾ മതവിശ്വാസങ്ങൾക്ക് എതിരല്ലെന്നും, മതവിശ്വാസങ്ങൾ ആളുകളുടെ വ്യക്തിപരമായ വിഷയമാണെന്നും, അതുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കരുതെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസും ക്ഷണം നിരസിച്ച് കൊണ്ട് നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ തീരുമാനം ദിവസങ്ങളായി ചർച്ചയിൽ തുടരുകയായിരുന്നു.