
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെയും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. മഹുവ ഇന്ത്യയിലായിരുന്നപ്പോൾ തന്റെ പാർലമെന്ററി ഐഡി ദുബായിൽ ഉപയോഗിച്ചിരുന്നു എന്നാണ് ദുബെ പുതിയതായി ആരോപിച്ചിരിക്കുന്നത്. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) ഈ വിവരം അന്വേഷണ ഏജൻസികൾക്ക് വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഇതിന് മറുപടിയായി എല്ലാ വിശദാംശങ്ങളും പുറത്തുവിടാൻ മഹുവ മൊയ്ത്ര എൻഐസിയോട് ആവശ്യപ്പെട്ടു. അദാനിയുടെ സ്ഥാപനങ്ങളിലെ വിദേശ പണത്തിന്റെ ഉത്ഭവത്തെക്കുറിച്ചും അവർ വിമർശനമുന്നയിച്ചു. അദാനിയുടെ ഒരു വാഗ്‌ദാനം കൊണ്ടും താൻ മൗനം പാലിക്കില്ലെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
“ക്ഷമിക്കൂ അദാനി. ആറ് മാസത്തേക്ക് നിശബ്ദത പാലിക്കുക എന്ന ഡീൽ ഞാൻ സ്വീകരിക്കുന്നില്ല. നിങ്ങളെ വിമർശിക്കാം, എന്നാൽ പ്രധാനമന്ത്രിയെ വിമർശിക്കാൻ പാടില്ല എന്ന രണ്ടാമത്തെ ഡീലും ഞാൻ സ്വീകരിക്കുന്നില്ല,” മഹുവ മൊയ്ത്ര എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം നിഷികാന്ത് ദുബെ ആരോപണത്തിൽ ലോക്പാൽ അന്വേഷണമാവശ്യപ്പെട്ടിരുന്നു. മഹുവ മൊയ്ത്രയുടെ മുന്‍ സുഹൃത്തും സുപ്രീംകോടതി അഭിഭാഷകനുമായ ജയ് അനന്ത് ദെഹദ്രായുടെ ഒരു കത്ത് താൻ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. അതിൽ വ്യക്തമായ തെളിവുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ദുബെ കൂട്ടിച്ചേർത്തു.
വ്യവസായിയായ എസ് എച്ച് ദർശൻ ഹിരാനന്ദാനിയിൽ നിന്ന് എവിടെ വെച്ച്, എന്ന്, എപ്പോൾ പണം വാങ്ങി എന്നതിനെ കുറിച്ച് ദെഹദ്രായുടെ കത്തിൽ പറയുന്നുണ്ട്. ദർശൻ ഹിരാനന്ദാനിയിൽ നിന്ന് എങ്ങനെയാണ് ഇന്ത്യൻ കറൻസിയിലും വിദേശ കറൻസിയിലും മഹുവ മൊയ്ത്ര രണ്ട് കോടി വാങ്ങിയതെന്ന് കത്തിൽ വിശദമാക്കുന്നുണ്ട്. ഹിരാനന്ദാനി മഹുവയുടെ ലോക്സഭ ലോഗ് ഇൻ ഐഡി ഉപയോഗിച്ചെന്നും ദുബെ പറഞ്ഞിരുന്നു.