മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം; കേസില്‍ ശിക്ഷാവിധി നാളെ

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധി നാളെ. ഡല്‍ഹി സാകേത് കോടതിയാണ് നാളെ വിധി പറയുക. 15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. രവി കപൂര്‍,അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് കുമാര്‍, അജയ് സേത്തി എന്നീ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷാവിധി നാളെ ഉണ്ടായേക്കും.

ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്‌ലൈന്‍സ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ 2008 സെപ്റ്റംബര്‍ 30നാണ് വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ തലയ്ക്ക് വെടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. മോഷണത്തിനിടെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികളെ ഒരു വര്‍ഷത്തിനു ശേഷമാണ് പോലീസിന് പിടികൂടാനായത്.