
വാഷിംഗ്ടണ്‍ ഡിസി: ലാസ് വേഗാസില്‍ മൂന്നുപേര്‍ മരിക്കാനിടയാക്കിയ വെടിവയ്പ്പ് നടത്തിയത് 67കാരനായ അന്തോണിയോ പോളിറ്റോ എന്ന പ്രഫസര്‍ ആണെന്ന് പോലീസ്. എന്നാല്‍, ഇയാള്‍ക്ക് വെടിവെയ്പ്പ് നടന്ന ലാസ് വേഗാസ് കാമ്പസുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി. ഇയാളുടെ ബന്ധുക്കളെ അറിയിച്ചതിനുശേഷം പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു.
മുമ്പ് നോർത്ത് കരോലിനയിലും ജോർജിയയിലും ജോലി ചെയ്തിരുന്ന കോളേജ് പ്രൊഫസറായ പോളിറ്റോ, യുഎൻഎൽവിയിൽ ജോലി തേടിയിരുന്നു. എന്നാൽ അദ്ദേഹത്തിന് അവിടെ ജോലി ലഭിച്ചില്ല.
പോളിറ്റോയുടെ വീടാണെന്ന് കരുതപ്പെടുന്ന ഹെൻഡേഴ്സണിലുള്ള ഒരു അപ്പാർട്ട്മെന്റിൽ അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയാണെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ ഫോണും ലഭിച്ചിട്ടുണ്ട്.
നെവാദ സര്‍വകലാശാല കാമ്പസില്‍ പ്രാദേശിക സമയം ഒന്നരയോടെയാണ് വെടിവയ്പ്പുണ്ടായത്. കാമ്പസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് പോലീസ് ആണ് ഇയാളെ വധിച്ചത്. വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കാണ് ആക്രമണം നടന്നത്. അക്രമിയും മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. രാവിലെ പതിനൊന്നേമുക്കാലോടെ അക്രമി കാമ്പസിലെത്തിയ വിവരം ലഭിച്ചിരുന്നു. അപ്പോള്‍ തന്നെ ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല ഒഴിപ്പിച്ചു. ഇനിയൊരു അറിയിപ്പുവരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന കായിക പരിപാടികള്‍ അടക്കം റദ്ദാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഈമാസം നാലിന് ഡാള്ളസിലുണ്ടായ വെടിവയ്പ്പില്‍ ഒരുവയസുള്ള കുഞ്ഞടക്കം നാല് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.