
കൊളംബോ: ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് മാസത്തേക്ക് സൗജന്യ വിസ അനുവദിക്കാനുള്ള നിർദ്ദേശത്തിന് ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി ചൊവ്വാഴ്ച അറിയിച്ചു. സൗജന്യ വിസ യാത്ര ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിൽ ഉടനടി പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും മാർച്ച് 31 വരെ തുടരുമെന്നും സാബ്രി പറഞ്ഞു.
ശ്രീലങ്കൻ ടൂറിസം മന്ത്രാലയം പറയുന്നതനുസരിച്ച്, രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. “വരും വർഷങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് അഞ്ച് ദശലക്ഷമായി ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മന്ത്രാലയത്തെ ഉദ്ധരിച്ച് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ നീക്കത്തിലൂടെ യാത്രക്കാർക്ക് വിസ ലഭിക്കുന്നതിന് ചെലവഴിക്കുന്ന പണവും സമയവും ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നിർദ്ദേശം മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചതായി ടൂറിസം മന്ത്രാലയം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധന, ടൂറിസം ആൻഡ് ലാൻഡ് മന്ത്രി ഹരിൻ ഫെർണാണ്ടോ, പൊതു സുരക്ഷാ മന്ത്രി ടിറാൻ അല്ലെസ്, വിദേശകാര്യ മന്ത്രി അലി സബ്രി എന്നിവർ സംയുക്തമായാണ് കാബിനറ്റ് പേപ്പർ അവതരിപ്പിച്ചത്.
സമീപഭാവിയിൽ രാജ്യത്തെ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഇ-ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്താനും മന്ത്രിസഭ നിർദ്ദേശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.