
വാഷിങ്ങ്ടണ്‍ ഡി.സി: ഫൊക്കാനയുടെ 2024-2026 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് യുവ പ്രതിനിധിയായി സ്റ്റാന്‍ലി ഇത്തൂണിക്കല്‍ മത്സരിക്കുന്നു. കഴിഞ്ഞ രണ്ട് ടേമിലും യുവ പ്രതിനിധിയായി ഫൊക്കാന ദേശീയ കമ്മിറ്റി അംഗമായി സ്റ്റാന്‍ലി പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഏറെ പ്രശസ്തനും സംഘടനാ പാടവത്തില്‍ ഏറെ മികവുമുള്ള വ്യക്തിയായ സ്റ്റാന്‍ലിയെ വാഷിങ്ങ്ടണ്‍ ഡി.സിയിലെ ഏരിയയില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ പിന്തുണക്കുന്നു.
സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള സ്റ്റാന്‍ലി വാഷിംഗ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള കേരള അസോസിയേഷന്‍ ഓഫ് ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (KAGW) ഇല്‍ നിന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ കൈരളി ഓഫ് ബാള്‍ട്ടിമോര്‍ (KOB)ന്റെ സജീവ പ്രവര്‍ത്തകനാണ്. കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ എന്റര്‍ടൈന്‍മെന്റ് കമ്മിറ്റിയിലും പ്രവര്‍ത്തിക്കുന്നു. ദേശീയ തലത്തില്‍ യുവക്കളെ സംഘടിപ്പിക്കുന്നതിലും കൂടുതല്‍ യുവാക്കളെ ഫൊക്കാനയിലേക്ക് എത്തിക്കുന്നതിലും സ്റ്റാന്‍ലി നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.
സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് ഫൊക്കാനയില്‍ ഇത്തവണ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ സ്ഥാനാര്‍ഥി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ സ്ഥാനാര്‍ഥി ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള എന്നിവര്‍ സ്റ്റാന്‍ലി ഇത്തൂണിക്കലിന് വിജയാശംസകള്‍ നേര്‍ന്നു
സ്റ്റാന്‍ലി വാഷിംഗ്ടണ്‍ ഡി.സി സെയിന്റ് മേരീസ് സിറിയന്‍ ഓര്‍ത്തോഡോക്സ് പള്ളിയുടെ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് പ്രതിനിധിയുമാണ്. പള്ളിയുടെ എക്യൂമെനിക്കല്‍, ക്രിസ്മസ് കരോള്‍ കോര്‍ഡിനേറ്റര്‍ ആയിട്ട് പല തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡി.സിയിലെ ഗ്രീക്ക് എംബസിയിലെ ഉദ്യോഗസ്ഥനായിരുന്ന മത്തായി ഇത്തൂണിക്കലിന്റെയും ലില്ലി മത്തായിയുടെയും രണ്ടു മക്കളില്‍ ഇളയവനായ സ്റ്റാന്‍ലി ഡി.സിയിലെ റീഗണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൈന്റ്‌നന്‍സ് വിഭാഗത്തില്‍ ടെക്നിക്കല്‍ അനലിസ്റ്റ് ഉദ്യോഗസ്ഥനാണ്.
കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ഏവിയേഷന്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമയും നേടിയിട്ടുള്ള സ്റ്റാന്‍ലി 15 വര്‍ഷം മുന്‍പാണ് അമേരിക്കയിലേക്ക് കുടിയേറിയത്. മെരിലാന്റിലെ ലോറലില്‍ FDA ഉദ്യോഗസ്ഥ ആയ റോഷിതയാണ് ഭാര്യ.















