സ്റ്റേപ്പിൾഡ് വിസ: ഇന്ത്യ-ചൈന തർക്ക വിഷയമാകുന്ന ‘രാഷ്ട്രീയ ആയുധം’

ചെെനയിലെ ചെങ്ഡുവില്‍ ഓഗസ്റ്റ് 8ന് ആരംഭിക്കാനിരിക്കുന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ പങ്കെടുക്കുന്നതിനായി അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് വുഷു താരങ്ങള്‍ക്ക് ‘സ്റ്റേപ്പിൾഡ് വിസ’ അനുവദിച്ച ചൈനീസ് എംബസി നടപടിയില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് ഇന്ത്യ. അരുണാചൽപ്രദേശിൽ നിന്നുള്ള നെയ്‌മാൻ വാങ്‌സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നീ മൂന്ന് അത്‌ലറ്റുകൾക്കാണ് ചൈനീസ് അധികൃതർ ‘സ്റ്റേപ്പിൾഡ് വിസ’ നൽകിയത്.

ഇന്ത്യൻ വുഷു സംഘത്തോടൊപ്പം ജൂലൈ 26-ന് ചൈനയിലേക്ക് പോകേണ്ടിയിരുന്ന ഇവരുടെ വിസ മാത്രം വെെകിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നുപേർക്കും ചെെനീസ് എംബസി ‘സ്റ്റേപ്പിൾഡ് വിസ’ അനുവദിച്ചത്. എന്നാല്‍ ഈ നീക്കത്തില്‍ വിയോജിപ്പ് അറിയിച്ച ഇന്ത്യ, വുഷു ടീമിനെ തിരികെ വിളിച്ച് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

അരുണാചല്‍ പ്രദേശിന് മേല്‍ അധികാരം സ്ഥാപിക്കാനുള്ള ചെെനയുടെ രാഷ്ട്രീയ ആയുധം എന്നാണ് ‘സ്റ്റേപ്പിൾഡ് വിസ’യെ ഇന്ത്യ വിശേഷിപ്പിക്കുന്നത്. എന്നാല്‍ എന്താണ് ‘സ്റ്റേപ്പിൾഡ് വിസ’ എന്നത് സംബന്ധിച്ച് പലർക്കും ഇപ്പോഴും വ്യക്തതയില്ല.

എന്താണ് ‘സ്റ്റേപ്പിൾഡ് വിസ’?

മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സാധാരണ ഗതിയില്‍ പാസ്‌പോര്‍ട്ടിലാണ് വിസ സ്റ്റാമ്പ് ചെയ്യാറുള്ളത്. എന്നാല്‍ അതിന് പകരമായി പ്രത്യേക പേപ്പറില്‍ സ്റ്റാമ്പ് ചെയ്ത് പാസ്‌പോര്‍ട്ടിനൊപ്പം സ്റ്റേപ്പിൾ ചെയ്ത് നല്‍കുന്നതിനെയാണ് ‘സ്റ്റേപ്പിൾഡ് വിസ’ എന്നു പറയുന്നത്. സ്വന്തം രാജ്യത്തിന്റെ അധീനതയിലുള്ള പ്രവിശ്യകളില്‍ നിന്നുള്ളവര്‍ക്കോ, തങ്ങള്‍ കീഴടക്കിയ രാജ്യത്ത പൗരന്മാര്‍ക്കോ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതിനാണ് ഇത്തരത്തില്‍ ‘സ്റ്റേപ്പിൾഡ് വിസ’ നല്‍കുന്നത്.

2009 മുതലാണ് അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് ചൈനീസ് സർക്കാർ ‘സ്റ്റേപ്പിൾഡ് വിസ’ അനുവദിച്ചു തുടങ്ങിയത്. സംസ്ഥാനത്തിന് മേലുള്ള ഇന്ത്യയുടെ അവകാശവാദം അംഗീകരിക്കുന്നില്ല എന്നുകാണിക്കാനാണ് ചെെനീസ് സർക്കാർ ഇത്തരത്തില്‍ പ്രത്യേക വിസ അനുവദിക്കുന്നത്. സംസ്ഥാനത്തിന് മേലുള്ള ചെെനയുടെ അവകാശം ഇന്ത്യ അംഗീകരിക്കുന്നതുവരെ അരുണാചൽ പ്രദേശിൽ നിന്നുള്ളവർക്ക് ‘സ്റ്റേപ്പിൾഡ് വിസ’ നൽകുന്നത് തുടരുമെന്നാണ് ചൈനീസ് സർക്കാരിന്റെ നിലപാട്.

മുന്‍ അനുഭവങ്ങള്‍:

ഇതാദ്യമായല്ല അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് ചൈന ‘സ്റ്റേപ്പിൾഡ് വിസ’ നൽകുന്നത്. മുൻകാലങ്ങളിലും, ‘സ്റ്റേപ്പിൾഡ് വിസ’ പ്രശ്നത്തെ തുടർന്ന് അരുണാചൽ പ്രദേശിൽ നിന്നുള്ള കായിക താരങ്ങൾക്ക് ചൈനയിലെ അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. 2011-ലെ ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പ്, 2011-ലെ യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങൾക്കായി അരുണാചൽ പ്രദേശിൽ നിന്നുള്ള അത്‌ലറ്റുകൾക്ക് ചൈനയിലേക്കുള്ള വിസ നിഷേധിച്ചിരുന്നു.

2011-ൽ, അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്റെ ഒരു ഉദ്യോഗസ്ഥനും ഒരു വെയ്റ്റ്‌ലിഫ്‌റ്റിംഗ് അത്ലറ്റിനും ചൈനയിൽ നടന്ന ഗ്രാൻഡ് പ്രിക്‌സ് ഇവന്റിൽ പങ്കെടുക്കാൻ ചൈനയിലേക്ക് പോകേണ്ടിയിരുന്നു. എന്നാൽ അവർക്ക് ‘സ്റ്റേപ്പിൾഡ് വിസ’ അനുവദിച്ച ചെെനയുടെ നടപടിയെതുടർന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.

ഇനിയെന്ത്?

സെപ്റ്റംബർ 23 മുതല്‍ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസാണ് ഇനി മുന്നിലുള്ളത്. കരാട്ടെ, തായ്‌ക്വോണ്ടോ, സ്കേറ്റ്ബോർഡിംഗ് ഇനങ്ങളില്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള താരങ്ങള്‍ മത്സരരംഗത്തുണ്ട്. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യൻ അത്‌ലറ്റുകളുടെ പങ്കാളിത്തത്തെ ‘സ്റ്റേപ്പിൾഡ് വിസ’ പ്രശ്നം ബാധിക്കാന്‍ അനുവദിക്കില്ലെന്ന് ഇതിനകം ഇന്ത്യന്‍ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

വേൾഡ് യൂണിവേഴ്‌സിറ്റി ഗെയിംസുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായി ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്‌സ് പോലുള്ള മൾട്ടി-സ്‌പോർട്‌സ് ഇവന്റുകളില്‍ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് അത്ലറ്റുകളുടെ പങ്കാളിത്തം കെെകാര്യം ചെയ്യുന്നത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെയും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെയും മേൽനോട്ടത്തിലാണ് ഈ ഇവന്റുകൾ നടക്കുന്നത്. അതിനാല്‍ തന്നെ താരങ്ങളുടെ അക്ക്രഡിറ്റേഷനിലും വിസയിലും മറ്റ് തടസങ്ങളുണ്ടാകില്ല.

More Stories from this section

dental-431-x-127
witywide