ഹിന്ദി ഹൃദയഭൂമി ആരുടേതാകും? ജനവിധി അറിയാന്‍ ഒരു ദിവസം കൂടി, നാല് സംസ്ഥാനങ്ങളില്‍ നാളെ വോട്ടെണ്ണല്‍

ന്യൂ ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമാണ് നാളെ പുറത്ത് വരുന്നത്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പത്തു മണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാനാകും. മധ്യപ്രദേശില്‍ 230 സീറ്റുകളിലെയും രാജസ്ഥാനില്‍ 199 സീറ്റുകളിലെയും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ഫലമാണ് നാളെ അറിയാനാകുക.

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും തികച്ചും നിര്‍ണ്ണായകമാണ് നാളെ നടക്കുന്ന വോട്ടെണ്ണല്‍. ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ സ്വപ്ന തുല്യമായ വിജയമായിരിക്കും എന്ന കണക്ക് കൂട്ടലിലാണ് ബിജെപി. ഭൂരിപക്ഷം എക്സിറ്റ്പോളുകളും ബിജെപിയുടെ വിജയം ഉറപ്പിക്കുന്നു.

അതേസമയം രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ അധികാരം നിലനിര്‍ത്തുകയും മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളില്‍ അധികാരത്തില്‍ എത്തുകയുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഛത്തീസ് ഘട്ടില്‍ ഭൂരിപക്ഷം സര്‍വേകളും കോണ്‍ഗ്രസിനിനാണ് മുന്‍ തൂക്കം നല്‍കുന്നത്. മിസോറാമില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് എക്സിറ്റ്പോളുകള്‍ പ്രവചിക്കുന്നത്. ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് അവിടെ പ്രധാനപ്പെട്ട മത്സരം നടക്കുന്നത്.

മിസോറാമിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. മിസോറാമിലും ഞായറാഴ്ച വോട്ടെണ്ണുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ നടക്കാനുള്ളത് ചൂണ്ടിക്കാട്ടി ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഞായറാഴ്ചയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി വോട്ടെണ്ണല്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

More Stories from this section

family-dental
witywide