
ന്യൂഡല്‍ഹി: ‘രഥ് യാത്ര’ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോദിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിലെ എ ഗ്രൂപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ച് നടത്താന്‍ തീരുമാനിച്ച പ്രചാരണയാത്ര നിര്‍ത്തി വെക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത കേന്ദ്രത്തിന് കിട്ടിയ തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മോദിസര്‍ക്കാരിന്റെ 2014 മുതലുള്ള ഭരണനേട്ടങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു രഥ് യാത്ര കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തെ 765 ജില്ലകളിലെ 2.69 ലക്ഷം ഗ്രാമങ്ങളില്‍ പ്രചരണം നടത്തുന്നതിന് ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ‘രഥ് പ്രഭാരി’ (സ്പെഷല്‍ ഓഫീസര്‍) ആയി നിയമിക്കാന്‍ കേന്ദ്രം കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. നവംബര്‍ 20 മുതല്‍ ജനുവരി 25 വരെ’വികസിത് ഭാരത് സങ്കല്പയാത്ര’യെന്ന പേരില്‍ രഥയാത്ര നടത്തുമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്.
കേന്ദ്രത്തിന്റെ ഈ പദ്ധതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തകര്‍ത്തത്. പെരുമാറ്റചട്ടം നിലവില്‍ വന്ന മണ്ഡലങ്ങളില്‍ ഡിസംബര്‍ അഞ്ചുവരെ യാതൊരുവിധത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ അഞ്ച് വരെ യാത്ര നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം. നിയമസസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന എന്നി അഞ്ച് സംസ്ഥാനങ്ങളില്‍ പെരുമാറ്റചട്ടം ഇതിനകം തന്നെ നിലവില്‍ വന്നു.














