
പനാജി: ബംഗളുരുവില്‍ നിന്ന് ഗോവയിലെത്തിയ വിസ്താര വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുന്‍പായി റണ്‍വേയില്‍ തെരുവുനായയെ കണ്ടതിനെത്തുടര്‍ന്ന് ബംഗളുരുവിലേക്ക് തന്നെ തിരികെ പറന്നു. റണ്‍വേയില്‍ നാായയെ കണ്ടതിനെ തുടര്‍ന്ന് പൈലറ്റിനോട് ഉടന്‍ ലാന്‍ഡ് ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് വിമാനം ദബോലിം വിമാനത്താവളത്തിലിറക്കാതെ ബംഗളുരുവിലേക്ക് തിരികെ പോയത്.
180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഉച്ചക്ക് 12.55നാണ് ബംഗളുരുവില്‍ നിന്ന് വിമാനം പുറപ്പെട്ടത്. ബംഗളുരുവില്‍ നിന്ന് ദബോലിം വിമാനത്താവളത്തിലേക്ക് സാധാരണ സമയം ഒരു മണിക്കൂര്‍ 20 മിനിറ്റാണ് വേണ്ടത്. ആ സമയം കൊണ്ടു തന്നെ വിമാനം ഗോവയിലെത്തിയെങ്കിലും നായ വില്ലനായതോടെ തിരിച്ചു പറന്ന വിമാനം മൂന്നു മണിയോടെ ബംഗളുരുവിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.
പിന്നീട് വൈകീട്ട് 4.55ന് വീണ്ടും പുറപ്പെട്ട വിമാനം വൈകീട്ട് 6.15ന് ഗോവയിലെത്തിയതായി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. അപ്രതീക്ഷിതമായ സംഭവവവികാസങ്ങളെത്തുടര്‍ന്ന് ഉച്ചക്ക് 12.55ന് ബംഗളുരുവില്‍ നിന്ന് ഗോവയിലേക്ക് കയറിയ യാത്രക്കാര്‍ ഗോവയില്‍ ഇറങ്ങിയത് അഞ്ച് മണിക്കൂറും അഞ്ച് മിനിറ്റും കഴിഞ്ഞ ശേഷമാണ്. ഗോവ വിമാനത്താവളത്തിലെ റണ്‍വേ നിയന്ത്രണത്തെ തുടര്‍ന്നാണ് ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നതെന്നായിരുന്നു എയര്‍ലൈന്‍സ് അധികൃതരുടെ വിശദീകരണം












