
കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്തിയൊരു വിദ്യയാണ് കയ്യില്‍ മൊബൈല്‍ ഫോണ്‍ നല്‍കുക എന്നത്. എന്നാൽ ഈ ഇത്തിരിക്കുഞ്ഞൻ മൊബൈൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി പലരും അറിയുന്നില്ല.
കുട്ടികളിലെ അമിത ഫോൺ ഉപയോഗം മനശാസ്ത്ര രോഗങ്ങൾക്കു കാരണമാകുമെന്ന് പഠനം. അമേരിക്കയിലെ വിർജീനിയ സർവകലാശാലയിൽ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
പതിവായി രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീനിൽ സമയം ചെലവിടുന്ന 1000 കുട്ടികളിൽ നടത്തിയ പഠനത്തിൽ മനശാശാസ്ത്രപരമായ പ്രയാസങ്ങൾ കണ്ടെത്തി. വിഷാദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, സ്വഭാവ വൈകല്യങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇവരിൽ സാധാരണമായിരുന്നു.
മുതിർന്ന ആളുകളെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ തലയോട്ടിക്കു കട്ടി കുറവായതു കൊണ്ട് മൊബൈലിൽ നിന്നു വരുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷൻ മുതിർന്നവരേക്കാൾ 60 ശതമാനം കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. ഇത് ബുദ്ധിയുടെ വളർച്ചയെ സാരമായി ബാധിക്കുന്നു.
ദിവസവും പതിവായി ദീർഘസമയം വിഡിയോ ഗെയിം ഉൾപ്പെടെയുള്ളവ കളിക്കുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണത,നാർസിസം എന്നിവ കാണുന്നതായി പഠനങ്ങളുണ്ട്. മാത്രമല്ല ഇത് കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
കായികമായ പ്രവൃത്തികളിൽ ഏർപ്പെടാത്തത് കുട്ടികളിലെ വ്യായാമം കുറയ്ക്കുന്നു. ഇത് പലവിധ രോഗങ്ങൾക്കും കാരണമാകുന്നു . ഫോണിന്റെ അമിതമായ ഉപയോഗം മൂലം പിടിവാശി, അമിതമായ ദേഷ്യം, ഇരിപ്പുറയ്ക്കാതെ നടക്കുക, നിസാര കാര്യങ്ങൾക്ക് വയലന്റാവുക, കൊച്ചുകുറ്റപ്പെടുത്തലുകൾക്കു പോലും സ്വയം മുറിവേൽപ്പിച്ചു ശിക്ഷിക്കുക എന്നിവയൊക്കെ ഇങ്ങനെയുള്ള കുട്ടികളിൽ കാണാറുണ്ട്.