ശ്വാസം മുട്ടിച്ച്, കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; റിട്ട. ഫോറസ്റ്ററുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: ചാലക്കുടിയില്‍ റിട്ടയേഡ് ഫോറസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കല്ലേറ്റുംകര ഉള്ളിശേരി സെയ്തി (68)ന്റെ മരണമാണ് കൊലപാതകമായിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയിരിക്കുന്നത്. ആനമല ജംഗ്ഷനു സമീപത്തെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്‌സിനു പിറകിലെ ഗോവണി മുറിയിലാണ ്‌സെയ്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോയ സേയ്തിനെ പിന്നീട് ഈ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് നടന്നത് കൊലപാതകമാണെന്ന സൂചന നല്‍കിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും തലയില്‍ കല്ലുപോലെ എന്തോ ഉപയോഗിച്ച് ഇടിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പലഭാഗത്തും പരിക്കേറ്റ നിലയിലായിരുന്നു. കേസില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സെയ്തിനോടൊപ്പം അന്ന് വൈകിട്ടുണ്ടായിരുന്ന ചിലരെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.