ദുബായ്: യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നയാദി തിരികെ ഭൂമിയിലെത്തി. ആറംഗ സംഘമാണ് ഭൂമിയിലേക്ക് സുരക്ഷിതരായി തിരികെ എത്തിയത്. ഫ്ളോറിഡയിലെ ടാംപ തീരത്ത് ആണ് സംഘം ഇറങ്ങിയത്. സ്പാഷ് ഡൌണിന് ശേഷം പേടകത്തില്‍ നിന്ന് ഏറ്റവുമൊടുവിലാണ് സുൽത്താൻ അൽ നയാദി പുറത്തിയത്. ബഹിരാകാശത്ത് 186 ദിവസം ചെലവിട്ട ശേഷമാണ് സുൽത്താൻ അൽ നയാദി തിരികെ എത്തുന്നത്.
വൈദ്യ പരിശോധനകള്‍ക്ക് ശേഷം സംഘാംഗങ്ങളെ ഹൂസ്റ്റണിലേക്ക് കൊണ്ടു പോകും. ഇവിടെ വച്ചാകും ബഹിരാകാശ യാത്രികര്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ സാധിക്കുക. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സുപ്രധാന നേട്ടത്തില്‍ അൽ നയാദിയെ അഭിനന്ദിച്ചു.
നേരത്തെ മോശം കാലാവസ്ഥയെ തുടർന്ന് സംഘത്തിന്‍റെ മടക്കയാത്ര നീണ്ടിരുന്നു. ബഹിരാകാശ നിലയത്തിൽ നിന്നും യാത്ര തിരിച്ച് ഞായറാഴ്ച അമേരിക്കയിലെ ഫ്ളോറിഡയിൽ ലാന്റ് ചെയ്യുന്ന വിധത്തിലായിരുന്നു മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഫ്ളോറിഡയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇഡാലിയ ചുഴലിക്കാറ്റ് ഫ്ളോറിഡയിൽ ശക്തമായതാണ് കാരണം.