ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റായി സുനില്‍ ട്രൈസ്റ്റാര്‍; ഷിജോ പൗലോസ് സെക്രട്ടറി

ന്യു യോര്‍ക്ക്: രണ്ടു ദശാബ്ദത്തെ മികവുറ്റ സേവന ചരിത്രമുള്ള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) അടുത്ത രണ്ട് വര്‍ഷത്തെ പ്രസിഡന്റായി സാമുവല്‍ ഈശോയും (സുനില്‍ ട്രൈസ്റ്റാര്‍) ജനറല്‍ സെക്രട്ടറിയായി ഷിജോ പൗലോസും ട്രെഷറര്‍ ആയി വിശാഖ് ചെറിയാനും വൈസ് പ്രെസിഡന്റായി അനില്‍കുമാര്‍ ആറന്‍മുളയും ജോയിന്റ് സെക്രട്ടറിയായി ആശാ മാത്യുവും, ജോയിന്റ് ട്രെഷററായി റോയി മുളകുന്നവും ജനുവരി ഒന്ന് മുതല്‍ സ്ഥാനമേല്‍ക്കും. സ്ഥാനമൊഴിയുന്ന ബിജു കിഴക്കെകുറ്റിന് പകരം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ഇപ്പോഴത്തെ പ്രസിഡന്റ് സുനില്‍ തൈമറ്റം സ്ഥാനമേല്‍ക്കും.

രണ്ട് പതിറ്റാണ്ടോളമായി അമേരിക്കയിലെ മലയാള മാധ്യമരംഗത്തിനുള്ള പിന്തുണയും ഒപ്പം തന്നെ അമേരിക്കന്‍ മലയാളികളുടെ ഹൃദയ സ്പന്ദനങ്ങള്‍ ലോകത്തിനെ അറിയിക്കുന്ന മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തെയും പോലെ തുടരുമെന്ന് പുതിയ ഭാരവാഹികള്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തനത്തിനൊപ്പം സമൂഹ നന്മയുമെന്ന ലക്ഷ്യം സംഘടന തുടരും. കേരളത്തിലെ മുഖ്യധാര മാധ്യമപ്രവര്‍ത്തനവുമായുള്ള നല്ല ബന്ധവും തുടരും. ഇതിനു പുറമെ കേരള മീഡിയ അക്കാഡമിയുമായി സഹകരിച്ചു ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണ നല്‍കുന്നതിനും കേരളത്തിലെ പ്രെസ്സ്‌ക്ലബ്ബുകളുമായി സഹകരിക്കാനും നാട്ടിലെ വിഷമതയനുഭവിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായമെത്തിക്കുന്നതും തുടരും.

ഐ.പി.സി.എന്‍.എ യുടെ ഏറ്റവും നല്ല ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് മയാമിയില്‍ ഒരുക്കിയ പ്രസിഡന്റ് സുനില്‍ തൈമറ്റം പകര്‍ന്നു നല്‍കിയ ദീപനാളം ഏറ്റുവാങ്ങി നിലവിളക്ക് തെളിയിച്ച് നിയുക്ത പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ പ്രതീകാത്മകമായി സ്ഥാനമേറ്റിരുന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ തുടക്കക്കാരില്‍ ഒരാളെന്ന നിലയില്‍ സുനില്‍ അഭിമാനിക്കുന്നു.

സുനില്‍ ട്രൈസ്റ്റാര്‍:

രണ്ടു പതിറ്റാണ്ടിലേറെയായി മുഖ്യധാരാ ദൃശ്യമാധ്യമരംഗത്തും പ്രിന്റ്-ഓണ്‍ലൈന്‍ മീഡിയ രംഗത്തും സജീവമാണ് സുനില്‍ ട്രൈസ്റ്റാര്‍. 1986ല്‍ അമേരിക്കയില്‍ എത്തി ഏറ്റവും ജനശ്രദ്ധ നേടിയെടുത്ത രണ്ടു മണിക്കൂര്‍ നീളുന്ന വീഡിയോ പ്രോഗ്രാം ‘റിഥം 2000’ നോര്‍ത്തമേരിക്കയില്‍ നിന്നുള്ള വീഡിയോ-ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യത്തേതെന്നു പറയാം. 2003-ല്‍ മലയാളത്തിലെ ആദ്യത്തെ സാറ്റലൈറ്റ് ചാനല്‍ ‘ഏഷ്യാനെറ്റ്’ നോര്‍ത്തമേരിക്കയില്‍ ലോഞ്ച് ചെയ്തപ്പോള്‍ മുതല്‍ അതിന്റെ ചുമതല ഏറ്റു. പൂര്‍ണസമയം ഏഷ്യാനെറ്റിനോടൊപ്പം എട്ട് വര്‍ഷത്തോളം പ്രൊഡക്ഷന്‍-പ്രോഗ്രാമിങ്-മാര്‍ക്കറ്റിംഗ്, കൂടാതെ വിതരണ ശൃംഖലയുടെയും ചുമതല നിര്‍വഹിച്ചു. അന്ന് തുടങ്ങിയ ‘യു.എസ്. വീക്കിലി റൗണ്ടപ്’ ഇപ്പോഴും വിജയകരമായി തുടരുന്നു.

പിന്നീട് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇ-മലയാളിയുടെ മാനേജിംഗ് എഡിറ്ററും പാര്‍ട്ട്ണറുമായി. തുടര്‍ന്ന് ഇംഗ്ലീഷില്‍ ഇന്ത്യലൈഫ് ആന്‍ഡ് ടൈംസ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍, മാഗസിന്‍, കൂടാതെ ഇന്ത്യലൈഫ് ടിവി വരെ വിജയകരമായി നടത്തുന്നു. ഇപ്പോള്‍ ഇ-മലയാളി മാസികയും ഇഎം-ദി വീക്കിലിയും ഉണ്ട്. 2011-ല്‍ നോര്‍ത്തമേരിക്കയില്‍ നിന്ന് 24 മണിക്കൂര്‍ സമ്പൂര്‍ണ ടെലിവിഷന്‍ ആയ പ്രവാസി ചാനലിന് തുടക്കം കുറിച്ചു. ഇന്ന് പന്ത്രണ്ടാം വര്‍ഷവും പ്രവാസി ചാനല്‍ വിജയകരമായി പ്രക്ഷേപണം തുടരുന്നു. 2022-ല്‍ എല്ലാ മാധ്യമങ്ങളും ഒരു കുടക്കീഴില്‍ എന്ന നൂതന ആശയവുമായി സുനില്‍ തുടങ്ങിയ സംരംഭമാണ് ‘മീഡിയ ആപ്പ് യു.എസ്, എ’ (MediaAppUSA). ഇപ്പോള്‍ ‘മീഡിയ ആപ്പ് യു.എസ്.എ ‘ ആയിരക്കണക്കിന് വരിക്കാരുമായി വന്‍ വിജയമായി മാറി. മീഡിയ ലോജിസ്റ്റിക്‌സ് എന്ന ഓഡിയോ വിഷ്വല്‍ പ്രൊഡക്ഷന്‍ കമ്പനിയും നടത്തുന്നു.

ലോക കേരള സഭയോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു വച്ചു മാധ്യമ പുരസ്‌കാരം നല്‍കി ആദരിച്ചു. നോര്‍ത്തമേരിക്കയിലെ പ്രശസ്തമായ കേരള സെന്റര്‍ അവാര്‍ഡ് മികച്ച മാധ്യമ പ്രവര്‍ത്തനത്തിന് ലഭിച്ചു. ന്യൂ യോര്‍ക്ക് നാസാവു കൗണ്ടി ഏര്‍പ്പെടുത്തിയ മുഖ്യ മാധ്യമ പുരസ്‌കാരം, ന്യൂ ജേഴ്സി ബെര്‍ഗെന്‍ കൗണ്ടി ഏര്‍പ്പെടുത്തിയ എക്‌സെലന്‍സ് ഇന്‍ മീഡിയ അവാര്‍ഡ്, മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനില്‍ നിന്നും തിരുവന്തപുരത്തു നടന്ന ചടങ്ങില്‍ വച്ച് ‘അമേരിക്ക ടുഡേ’ എന്ന പ്രോഗ്രാമിന് പ്രത്യേക പുരസ്‌കാരം, അന്താരാഷ്ട്ര മാധ്യമ രംഗത്തെ അവാര്‍ഡ് ‘FRAME’ ലഭിച്ചിട്ടുണ്ട്. നിരവധി തവണ ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ ദേശീയ സംഘടനകളുടെ പുരസ്‌കാരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സംഘടനകളുടെയും നിരവധി ബഹുമതികള്‍ക്ക് സുനില്‍ അര്‍ഹനായിട്ടുണ്ട്. ഭാര്യ ആന്‍സി വേണി ഈശോ, മക്കള്‍ ജിതിന്‍, ജെലിണ്ട, ജോനാഥന്‍.

ഷിജോ പൗലോസ്:

ഏഷ്യാനെറ്റില്‍ എട്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഷിജോ പൗലോസ് അമേരിക്കയിലെ പ്രമുഖ വ്ളോഗറുമാണ്. ഏഷ്യാനെറ്റ് യുഎസ് വീക്ക്ലി റൗണ്ടപ്പ് കോ-ഓര്‍ഡിനേറ്ററായി തുടങ്ങിയതാണ്. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ‘അമേരിക്ക ഈ ആഴ്ച’ എന്ന പരിപാടിയുടെ പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്ററും നിര്‍മാതാവുമാണ്. ഏഷ്യാനെറ്റ് ന്യൂസ് സ്വയം നിര്‍മ്മിക്കുന്ന ‘അമേരിക്ക ഈ ആഴ്ച’ ഡോ. കൃഷ്ണ കിഷോറിന്റെ നേതൃത്വത്തില്‍ ആണ് തയ്യാറാക്കുന്നത്.

നോര്‍ത്തമേരിക്കയിലെ പ്രമുഖ സംഘടനകളെല്ലാം തന്നെ ഷിജോയെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ന്യൂ ജേഴ്സി ബെര്‍ഗെന്‍ കൗണ്ടി എക്‌സലന്‍സ് ഇന്‍ മീഡിയ അവാര്‍ഡ്, നാമം മീഡിയ അവാര്‍ഡ്, KSNJ മീഡിയ അവാര്‍ഡ്, ഏറ്റവും ഒടുവിലായി കാലടി മട്ടൂരിലുള്ള പ്രശസ്തമായ ശ്രീ ശാരദ വിദ്യാലയത്തിന്റെ ‘സപര്യ’ അവാര്‍ഡിനര്‍ഹനായി. പ്രശസ്ത ഗായകന്‍ ഉണ്ണി മേനോനൊടൊപ്പമാണ് ഷിജോയെ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

ഷിജോസ് ട്രാവല്‍ ഡയറി എന്ന യൂട്യൂബ് ചാനലുണ്ട്. നൂറോളം വീഡിയോകള്‍ അപ്ലോഡ് ചെയ്തുകഴിഞ്ഞു. അമേരിക്കയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അറിയപ്പെടാതെ കിടക്കുന്ന വേറിട്ട കാഴ്ചകളും കൗതുകം ജനിപ്പിക്കുന്ന ജീവിതങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്ത് പ്രേക്ഷകസമക്ഷം എത്തിക്കുന്ന ഈ ഉദ്യമത്തിന് മികച്ച സ്വീകാര്യതയുണ്ട്. ഫേസ്ബുക്കിലെ ഏഴോളം വീഡിയോകള്‍ വണ്‍ മില്യണ്‍ വ്യൂസ് കടന്നു.

ടൈ്വലൈറ്റ് മീഡിയ പ്രൊഡക്ഷന്‍ എന്നൊരു കമ്പനിയും നടത്തുന്നുണ്ട്. ലിന്റോ എന്ന സുഹൃത്ത് ക്യാമറ വാങ്ങാന്‍ പറഞ്ഞതാണ് മാധ്യമലോകത്തേക്ക് കടന്നുവരാന്‍ നിമിത്തമായത്. എംസിഎന്‍ ആണ് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന മലയാളം ലോക്കല്‍ ചാനല്‍. അതിലും ശാലോം ടിവിയിലും പ്രവര്‍ത്തിച്ചുകൊണ്ട് വിഷ്വല്‍ മീഡിയയിലെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു ഇപ്പോള്‍ നോര്‍ത്തമേരിക്കന്‍ ദൃശ്യ മാധ്യമ രംഗത്തെ ഒഴിച്ച് കൂടാനാവാത്ത വ്യെക്തിത്വമാണ് ഷിജോ. ഭാര്യ: ബിന്‍സി മക്കള്‍: മരിയ, മരീസ

വിശാഖ് ചെറിയാന്‍:

വിശാഖ് ചെറിയാന്‍ മാധ്യമ രംഗത്ത് 24 ന്യൂസ് യുഎസ്സ് ഓപ്പറേഷന്‍സ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഔദ്യോഗികമായി ടെക്‌നോളജി മാനേജര്‍ (ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍) ആയി ജോലി ചെയ്യുന്നു. 24 ന്യൂസ് യുഎസ്സ് ഓപ്പറേഷന്‍സ് തുടക്കം മുതല്‍ക്കേ അതിന്റെ ഭാഗമായി. വാര്‍ത്തകള്‍ സംയോജിപ്പിക്കുക, അമേരിക്കന്‍ ഡയലോഗ് എന്ന വാരാന്ത്യ ടോക്ക്‌ഷോ പരിപാടിയുടെ പ്രവര്‍ത്തനം, 24 ന്യൂസിന്റെ സാമൂഹിക പ്രതിബദ്ധത അനുഷ്ഠിത സംരംഭമായ സീ2സ്‌കൈ പരിപാടിക്ക് മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം നേതൃത്വം വഹിക്കുക. 24 ന്യൂസിന്റെ അമേരിക്കന്‍ അവാര്‍ഡ് പരിപാടിയുടെ ഗസ്റ്റ് റിലേഷന്‍സ്, ബാക് ഓഫീസ് കോര്‍ഡിനേഷന്‍, പ്രോഗ്രാം ചാര്‍ട്ടിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

24 ന്യൂസില്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പായി ഏഷ്യനെറ്റ് ന്യൂസിന് വേണ്ടി കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചാണ് മാധ്യമ രംഗത്തെ തുടക്കം. 2013ലാണ് സമൂഹ മാധ്യമ ആക്ടിവിസ്റ്റായി പൊതു പ്രവര്‍ത്തന രംഗത്ത് പ്രവേശിച്ചത്. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം കാണുവാനായിട്ട് ഇതിനോടകം സാധിച്ചു. തിരുവനന്തപൂരത്തെ വിവിധ വിഷയങ്ങളെ സമൂഹ മാധ്യമത്തിലൂടെ പൊതുമധ്യേ കൊണ്ടുവരുവാന്‍ ഒരു കൂട്ടായ്മ സ്ഥാപിക്കുകയും, അതിലൂടെ അനേകം വിഷയങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുകയും ചെയ്തു. ഇന്ന് ഒന്നേകാല്‍ ലക്ഷം മെമ്പേഴ്‌സ് ഉള്ള തിരുവനന്തപുരത്തെ ഏറ്റവും വലിയ കൂട്ടായ്മകളില്‍ ഒന്നാണ് .

2019 ലെ ഇന്ത്യ പ്രസ്സ് ക്ലബ് കണ്‍വെന്‍ഷനില്‍ മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള അംഗീകാരം മന്ത്രി കെ.ടി ജലീലില്‍ നിന്ന് സ്വീകരിച്ചു. 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ ആലുവ തുരുത്തില്‍ പെട്ടിരുന്ന രണ്ടായിരത്തില്‍പരം ജനങ്ങളെ മുഖ്യമന്ത്രിയുടെ സഹായത്തോടെ രക്ഷിക്കുവാന്‍ സാധിച്ചത് അവാര്‍ഡിന് പ്രത്യേക പരിഗണന ലഭിച്ചു. വെര്‍ജീനിയയില്‍ സഹധര്‍മ്മിണി അനു തോമസിനും, മകള്‍ ആന്‍ ചെറിയാനോടുമൊപ്പം താമസ്സിക്കുന്നു.

അനില്‍ ആറന്‍മുള:

പത്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ 35 വര്‍ഷത്തിലേറെയായി അമേരിക്കന്‍ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമാണ് അനില്‍ ആറന്മുള. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍, കേരളാ റൈറ്റേഴ്‌സ് ഫോറം, ഇന്‍ഡ്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റന്‍ ചാപ്റ്റര്‍ എന്നിവയുടെ മുന്‍ പ്രസിഡന്റും സജീവ പ്രവര്‍ത്തകനും. ഇന്‍ഡ്യാ പ്രസ്‌ക്ലബ് നാക്ഷണല്‍ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 മുതല്‍ മലയാളം പത്രത്തിലൂടെ മാധ്യമ പ്രവര്‍ത്തകന്റെ കുപ്പായമണിഞ്ഞു. വാര്‍ത്തകളിലൂടെയും ആനുകാലിക ലേഖനങ്ങളിലൂടെയും പത്രപ്രവര്‍ത്തനരംഗത്ത് സജീവം. ബലിക്കാക്കകള്‍ എന്ന ചെറുകഥാസമാഹാരത്തിന്റെ രചയിതാവാണ്. നേര്‍കാഴ്ച ന്യൂസിന്റെ അസോസിയേറ്റ് എഡിറ്റര്‍ ആണ്. ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഹൂസ്റ്റന്‍, കെ.എച്ച് എന്‍.എ എന്നിവയുടെ രൂപീകരണത്തില്‍ മുഖ്യ പങ്കു വഹിച്ചിരുന്നു. സഹധര്‍മ്മിണി ഉഷ അനില്‍കുമാര്‍, മക്കള്‍ വിഷ്ണു, അഖില എന്നിവരോടൊപ്പം ഹൂസ്റ്റണിലാണ് താമസം.

ആശാ മാത്യു

ഏഷ്യാനെറ്റിന്റെ നോര്‍ത്തമേരിക്കയില്‍ നിന്നുള്ള അമേരിക്കന്‍ കാഴ്ചകളുടെ അവതാരകയും എപ്പിസോഡ് കോ-ഓര്‍ഡിനേറ്ററായും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. സിനിമ രംഗത്തെ പ്രശസ്ത താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അഭിമുഖങ്ങള്‍ നടത്തുകയും പ്രോഗ്രാമുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്. ആശാ ശരത്, നാദിയ മൊയ്ഡു, അപര്‍ണ ബാലമുരളി, അഞ്ജലി മേനോന്‍, സംവിധായകന്‍ വിനയന്‍, ജീത്തു ജോസഫ് എന്നിവര്‍ അവരില്‍ ഉള്‍പ്പെടുന്നു. ആശാ മാത്യു നല്ലൊരവതാരകയുമാണ്. 2021-ലെ IPCNA ചിക്കാഗോ അന്താരാഷ്ട്ര കോണ്‍ഫെറെന്‍സിലെ അവതാരിക ആയിരുന്നു. ചിക്കാഗോയില്‍ നടന്ന കോണ്‍ഫെറെന്‍സില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ സാന്നിധ്യത്തിന് വഴി തെളിച്ചതും ആശയുടെ ഏകോപന മികവായിരുന്നു.

ഏഷ്യാനെറ്റിലെ അമേരിക്കന്‍ കാഴ്ചകള്‍ എന്ന പ്രതിവാര പരിപാടിയില്‍ അമേരിക്കയിലെ വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങളും പ്രത്യേകതകളും കാണിക്കുന്ന പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കി പ്രോഗ്രാം അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാതൃദിനം, താങ്ക്‌സ്ഗിവിംഗ്, ക്രിസ്മസ് തുടങ്ങിയ തനതായ പാരമ്പര്യങ്ങളെ ഉയര്‍ത്തിക്കാട്ടി, മാറിക്കൊണ്ടിരിക്കുന്ന കാലത്തേക്കും, ജീവിതരീതികളിലേക്കും വെളിച്ചം വീശുന്ന പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നു. നിരവധി ലൈഫ് സ്‌റ്റൈല്‍ പ്രോഗ്രാമുകളും തയ്യാറാക്കി അവതരിപ്പിക്കുന്നു. നല്ല ഒരു നര്‍ത്തകി കൂടിയാണ് ആശ മാത്യു. നിരവധി പ്രൊഫഷണല്‍ കോണ്‍ഫറന്‍സുകള്‍ക്ക് നേതൃത്വം നല്‍കുകയും, നോര്‍ത്തമേരിക്കയിലെ വലിയ സമ്മേളനങ്ങളില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയും പ്രവര്‍ത്തിച്ചു വരുന്നു. ഭര്‍ത്താവ് സിബു മാത്യു, മക്കള്‍ നെസ്സ, ടിയ എന്നിവരോടൊപ്പം മിന്നെസോട്ടയില്‍ താമസിക്കുന്നു.

റോയ് മുളകുന്നം

ചിക്കാഗോയില്‍ കൈരളി ടി വി ബ്യൂറോ ചീഫായി മാദ്ധ്യമ രംഗത്ത് സജീവമാണ് റോയ് മുളകുന്നം. കൈരളി ടി വി യുഎസ്എ യുടെ ഓര്‍മ്മസ്പര്‍ശം സീസണ്‍ രണ്ട് മ്യൂസിക് ഷോയുടെ 30 എപ്പിസോഡുകളുടെ കോര്‍ഡിനേറ്റര്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും മാധ്യമ രംഗത്ത് തന്റേതായ വ്യെക്തിമുദ്ര പതിപ്പിച്ച വ്യെക്തിത്വം. ലോക കേരള സഭ റീജിയണല്‍ സമ്മിറ്റ് മീഡിയ കോ-ഓര്‍ഡിനേറ്ററും കോ ചെയര്‍മാനുമായിരുന്നുകൂടാതെ 2020 മുതല്‍ ലോക കേരള സഭാ അംഗം. ഇല്ലിനോയ്‌സ് മലയാളി അസോസിയേഷന്‍ എക്‌സികൂട്ടീവ് വൈസ് പ്രസിഡന്റ്, ഫോമാ ആര്‍.വി.പി, അല ചാപ്റ്റര്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രിയും 20 മന്ത്രിമാരുമൊത്തുള്ള നവകേരള സദസ്സിന്റെ ഭാഗമായുള്ള ‘പ്രഭാത സദസ്സ്’ യോഗത്തില്‍ അമേരിക്കയില്‍ നിന്ന് ലോക കേരള സഭാംഗവും, IPCNA അംഗവുമായ റോയി മുളകുന്നവും പങ്കെടുത്തു. ഭാര്യ:റെജി റോയി, മക്കള്‍: കെവിന്‍, കിരണ്‍. ചിക്കാഗോയില്‍ താമസിക്കുന്നു.

അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തങ്ങള്‍ക്ക് സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെയും ജനങ്ങളുടെയും എല്ലാ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും കൂട്ടായ സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാറും മറ്റു നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഭ്യര്‍ത്ഥിച്ചു. www.indiapressclub.org

More Stories from this section

family-dental
witywide