ന്യൂഡൽഹി: ലക്ഷദ്വീപിൽ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ മെനുവിൽനിന്ന് ബീഫ്, ചിക്കൻ ഉൾപ്പെടെയുള്ള മാംസാഹാരം ഒഴിവാക്കിയ ഭരണകൂടത്തിന്റെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ലക്ഷദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാനുള്ള ഉത്തരവിലും ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
സർക്കാരിന്റെ ഇത്തരം നയപരമായ തീരുമാനങ്ങളിലും കുട്ടികൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലും കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് മാംസാഹാരം വിലക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി ചോദ്യംചെയ്തുള്ള പൊതുതാത്പര്യ ഹർജി തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരേയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ചിക്കൻ, ബീഫ് ഉൾപ്പെടെയുള്ള മാംസാഹരം സ്കൂൾ ഉച്ചഭക്ഷണ മെനുവിൽനിന്ന് ഒഴിവാക്കാൻ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചത് വിദഗ്ധോപദേശം ഇല്ലാതെയാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനായ ഐഎച്ച് സയ്യിദ് വാദിച്ചു. ദേശീയ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കുന്നതിനും മുമ്പ് 1950 മുതൽ ദ്വീപിൽ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ മാംസാഹാരം ഉൾപ്പെടുത്തിയിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ 2013ലെ ദേശീയ ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ചുള്ള പോഷക മൂല്യം ഉച്ചഭക്ഷണത്തിൽ നിലനിർത്തുന്നുണ്ടെന്ന് കുട്ടികൾക്ക് ഭക്ഷണത്തോടൊപ്പം മുട്ട, മത്സ്യം എന്നിവ നൽകുന്ന കാര്യം ചൂണ്ടിക്കാണിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ നഡരാജ് വാദിച്ചു. ദ്വീപിലെ ഡയറി ഫാമുകൾ പൊതുപണം ചോർത്തുകയാണെന്നും സാമ്പത്തികമായി ഇവ നഷ്ടത്തിലാണെന്നും ഫാമുകൾ അടച്ചുപൂട്ടിയ ലക്ഷദ്വീപ് ഭരണകൂട ഉത്തരവിന് ന്യായീകരിച്ചുകൊണ്ട് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.