ന്യൂഡല്‍ഹി: സമൂഹം പ്രതീക്ഷിക്കുന്ന വിധം പെരുമാറാത്ത സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന കാഴ്ച്ചപ്പാട് പൊഴിച്ചെഴുതി സുപ്രീംകോടതി. സ്ത്രീകള്‍ക്കെതിരായ മുന്‍വിധികള്‍ എണ്ണിയെണ്ണി പറഞ്ഞ് അവയ്ക്ക് പകരം കോടതി ഉപയോഗിക്കേണ്ട പദപ്രയോഗങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് നിര്‍ദേശക്കുന്ന ഹാന്‍ഡ്ബുക്ക് കോടതി പുറത്തിറക്കി. പൊതുവേ സമൂഹം പ്രതീക്ഷിക്കുന്നവിധം വസ്ത്രം ധരിക്കാത്ത സ്ത്രീകളെയും മദ്യപിക്കുന്ന സ്ത്രീകളെയും കുറിച്ച് ചില മിഥ്യാധാരണകളുണ്ട്. അതുപോലെ തന്നെ പീഡനത്തിന് ഇരയായ സ്ത്രീകള്‍ നിര്‍ത്താതെ കരയുകയും ആത്മഹത്യ പ്രവണത കാണിക്കുകയും ചെയ്യും, ഉടന്‍ പരാതിപ്പെട്ടില്ലെങ്കില്‍ പീഡന ആരോപണം കള്ളമാണ് തുടങ്ങിയ ധാരണകളും തെറ്റാണ് എന്ന് കോടതി വ്യക്തമാക്കി. ലൈംഗിക അതിക്രമം നേരിട്ട സ്ത്രീയെ ഇരയെന്നോ അതിജീവിത എന്നോ വിശേഷിപ്പിക്കാം..- അത് ആ വ്യക്തിയുടെ താല്‍പര്യംപോലെ തീരുമാനിക്കാം.
എല്ലാ സ്ത്രീകളും കുട്ടികള്‍ ഉണ്ടാവാന്‍ ആഗ്രഹിക്കുന്നു എന്ന് കരുതരുത്.അത് തികച്ചും വ്യക്തിപരമായ താല്‍പര്യമാണ്. സ്ത്രീകളുടെ വ്യക്തിത്വവും അവരുടെ പങ്കാളികളുടെ എണ്ണവുമായി ബന്ധമൊന്നുമില്ല, പീഡനത്തെക്കാള്‍ ഭേദം മരണമാണെന്ന് നല്ല സ്ത്രീകള്‍ കരുതും എന്നത് പുരുഷാധിപത്യ ചിന്തയാണ്. പീഡനസമയത്ത് നിലവിളിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ പീഡനമായി കരുതാനാകില്ല എന്ന ധാരണ തെറ്റാണ്. പീഡനത്തിന് പരിഹാരം വിവാഹമല്ല. പീഡനം കുറ്റകൃത്യമാണ്. ലൈംഗികത്തൊഴിലാളികള്‍ക്കും ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും പീഡനം നേരിടാം. വീട്ടമ്മ എന്ന വാക്കിനു പകരം ഹോംമേക്കര്‍ എന്ന് ഉപയോഗിക്കണം. ഇങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.