
ന്യൂഡൽഹി: ഗവര്‍ണര്‍ക്കെതിരേ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു . നോട്ടിസില്‍ അഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഡി .വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
എട്ട് ബില്ലുകള്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി ഡോ. വേണു, ടി. പി രാമകൃഷ്ണന്‍ എംഎല്‍എ എന്നിവരാണ് ഹര്‍ജിക്കാര്‍ .പൊതുജനാരോഗ്യം, ഉന്നതവിദ്യാഭ്യാസം, ലോകായുക്ത മുതലായ വിഷയങ്ങളിലെ എട്ട് ബില്ലുകളാണ് കേരളത്തിന്റേത്. സുപ്രീംകോടതിയിലെ ഹര്‍ജിക്ക് പിന്നാലെ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു.
അതേസമയം, തമിഴ്നാട് ഗവർണർ ആർ. എൻ രവിയെ കോടതി രൂക്ഷമായി വിമർശിച്ചു. ബില്ലുകള്‍ പരിഗണിക്കുന്നില്ലെന്ന് കാട്ടി ഗവര്‍ണര്‍ ആര്‍ .എന്‍ രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇത്. തമിഴ്നാട് സമര്‍പ്പിച്ച 10 ബില്ലുകളാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി തിരിച്ചയച്ചത്. ഈ ബില്ലുകള്‍ തമിഴ്നാട് നിയമസഭ വീണ്ടും പാസാക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിരുന്നു.
തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന കോടതി ഔദ്യോഗികമായി നോട്ടീസ് അയച്ചിരുന്നു. ഇന്ത്യന്‍ അറ്റോര്‍ണി ജനറലിനോടോ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലിനോടോ ഇന്ന് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെടുകയായിരുന്നു.
ഭരണഘടനയുടെ അനുച്ഛേദം 200, ഗവര്‍ണറോട് സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാര പ്രഖ്യാപനത്തിനായി അവതരിപ്പിക്കുമ്പോള്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന് ഗവര്‍ണറെ ചുമതലപ്പെടുത്തുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. കെ വേണുഗോപാലും അഭിഭാഷകനായ സി .കെ ശശിയും തമിഴ്നാടിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ എ.എം സിംഗ്വി, പി .വില്‍സണ്‍, അഭിഭാഷകന്‍ ശബരീഷ് സുബ്രഹ്മണ്യന്‍ എന്നിവരുമാണ് ഹാജരായത്.
ഗവര്‍ണറുടെ നടപടിക്കെതിരെ കേരളം രണ്ട് തവണ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ പഞ്ചാബ് സമര്‍പ്പിച്ച സമാനമായ ഹര്‍ജിയുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്നതിനിടെ, സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചശേഷം മാത്രം ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു.
കേരളം സുപ്രീംകോടതിയെ സമീപിച്ച നടപടി സ്വാഗതം ചെയ്യുന്നതായും സര്‍ക്കാരിന്റെ ഹര്‍ജിക്ക് സുപ്രീംകോടതിയില്‍ മറുപടി നല്‍കുമെന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത്. ഭരണഘടനാപരമായി സംശയമുണ്ടെങ്കില്‍ ആര്‍ക്കും സുപ്രീം കോടതിയെ സമീപിക്കാം. വിഷയത്തില്‍ വ്യക്തതയ്ക്കുവേണ്ടിയാകും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
നേരത്തെ തമിഴ്നാടും പഞ്ചാബും സമര്‍പ്പിച്ച ഹര്‍ജിയില്‍, ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ല ഗവര്‍ണര്‍മാര്‍ എന്ന വസ്തുത അവര്‍ അവഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മപ്പെടുത്തിയിരുന്നു.
Supreme Court’s notice to Centre and Kerala governor over non approval of bills