മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്ക് വജ്രം കൊണ്ടുണ്ടാക്കിയ ബാറ്റു സമ്മാനിക്കാൻ ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള ബിസിനസുകാരൻ. 1.04 കാരറ്റ് വജ്രക്കല്ല് കൊണ്ടുണ്ടാക്കിയ ബാറ്റാണ് ഏകദിന ലോകകപ്പ് മത്സരത്തിനു മുൻപു കോലിക്കു നൽകുക. പത്തു ലക്ഷം രൂപയോളം ഇതിനു വിലയുണ്ടാകും. ഒരു മാസമെടുത്താണു ബാറ്റു തയാറാക്കുന്നത്.
ഡയമണ്ട് ടെക്നോളജി വിദഗ്ധനായ ഉത്പൽ മിസ്ത്രിയുടെ മേൽനോട്ടത്തിലാണു ബാറ്റു തയാറാക്കുന്നത്. പ്രകൃതിദത്തമായ ഡയമണ്ടാണു ബാറ്റു നിർമാണത്തിന് ഉപയോഗിക്കുന്നതെന്ന് മിസ്ത്രി ദേശീയ മാധ്യമത്തോടു പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിലെ 15 വർഷം ഓഗസ്റ്റ് 18ന് കോലി പൂർത്തിയാക്കിയിരുന്നു. 2008 ഓഗസ്റ്റ് 18ന് ശ്രീലങ്കയിലെ ദാംബുള്ളയിലാണ് കോലി കരിയറിയെ ആദ്യ രാജ്യാന്തര മത്സരത്തിന് ഇറങ്ങിയത്.
ഏഷ്യാ കപ്പ് ക്രിക്കറ്റിനായുള്ള ഒരുക്കത്തിലാണ് വിരാട് കോലിയിപ്പോൾ. 2022 ലെ ഏഷ്യാ കപ്പില്‍ 276 റൺസെടുത്ത കോലി, റൺവേട്ടക്കാരിൽ രണ്ടാമതെത്തിയിരുന്നു. കോലിയുടെ കരിയറിലെ 16–ാം വർഷത്തില്‍ ടീം ഇന്ത്യയ്ക്കായി ഏഷ്യാ കപ്പ് വിജയിക്കാമെന്ന പ്രതീക്ഷയിലാണു താരം. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലും അയർലൻഡ് പര്യടനത്തിലും കളിക്കാതിരുന്ന കോലി ഏഷ്യാ കപ്പിനായുള്ള പരിശീലനത്തിലാണ്.