‘ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ നിന്നെ എടുത്തിട്ട് കറക്കും’; ഇലക്ഷന് മത്സരിക്കരുതെന്ന് മമ്മൂക്ക പറഞ്ഞുവെന്ന് സുരേഷ് ഗോപി

തന്നോട് ഇലക്ഷന് മത്സരിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി. വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ നിന്നെ എടുത്തിട്ട് കറക്കും എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ലോക്‌സഭാ ഇലക്ഷന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍. ഗരുഡന്‍ സിനിമയുടെ പ്രൊമേഷന്‍ പരിപാടിയിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍:

‘മമ്മൂക്ക ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്റെയടുത്ത് പറഞ്ഞു, നീ ഇലക്ഷന് നില്‍ക്കല്ലേ എന്ന്. നീ ഇലക്ഷന് നിന്ന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തില്ലെടാ. നീ രാജ്യസഭയില്‍ ആയിരുന്നപ്പോള്‍ ആ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍ മതി. പക്ഷേ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കും. ഞാന്‍ പറഞ്ഞു, മമ്മൂക്ക അതൊരുതരം നിര്‍വൃതിയാണ്. ഞാനത് ആസ്വദിക്കുന്നു. എന്നാല്‍ പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് പുള്ളി പറഞ്ഞ് പിണങ്ങുകയും ചെയ്യും. പുള്ളി അതിന്റെ ഒരു നല്ല വശം വച്ചിട്ട് പറഞ്ഞതാണ്’.

ഞാന്‍ ഈ ജീവിതം ആസ്വദിക്കുന്നു, കോവിഡ് കാലത്തെ അതിജീവിച്ചെങ്കില്‍ ഞാന്‍ ഒരു ട്രിപ്പിള്‍ പി എച് ഡി എടുത്തു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ ഒരു അവസരം ഇനി ലഭിക്കില്ല, അത് പരമാവധി മുതലാക്കാന്‍ കഴിയണം. സിനിമയിലും ട്രിപ്പിള്‍ പിഎച്ച്ഡി അല്ലായിരുന്നോ, പിന്നെന്തിനാണ് അങ്ങോട്ട് പോയതെന്ന് ചോദിക്കുന്നവരുണ്ടാവും. കുറച്ചൊക്കെ നമുക്ക് ജനങ്ങളോടും ഒരു കടപ്പാടും ബഹുമാനവും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അവസരങ്ങളും നമുക്ക് കിട്ടണം. അതെനിക്ക് ധാരാളമായി കിട്ടുന്നുണ്ട്’ സുരേഷ് ഗോപി പറഞ്ഞു.

More Stories from this section

family-dental
witywide