ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോ വെടിവെപ്പ് കേസില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന യുവാവ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 28കാരനായ ഡാറ്റൻ എസ് വിയലാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നടന്ന മറ്റൊരു സംഘർഷത്തില്‍ വിയലിന്റെ വെടിയേറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പ്രതിക്കുവേണ്ടി നടത്തിയ തിരച്ചില്‍ മറ്റൊരു ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
ജൂലൈ 10-ന് മയാമിയിൽവെച്ച് മൈക്കിള്‍ വില്യംസ് ജൂനിയർ എന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍. വെള്ളിയാഴ്ച രാത്രി, ഈ കേസുമായി ബന്ധപ്പെട്ട ഒരു വാഹനത്തിനുവേണ്ടി നടത്തിയ തിരച്ചിലിനിടെയാണ് പ്രതി സ്വാട്ട് ടീമിനുനേരെ വെടിവെച്ചത്.
തുടർന്ന് മറ്റൊരു വാഹനത്തില്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ വിയല്‍, കാരവൻ കോടതി പ്രദേശത്ത് ഹോളിഡെ ഇന്‍ ഹോട്ടലിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ശനിയാഴ്ച രാവിലെ ആറുമണിയോടെ ഹോട്ടലിലെ മറ്റ് താമസക്കാരെ ഒഴിപ്പിച്ച പൊലീസ് പ്രതി ഉണ്ടായിരുന്ന മുറി പുറത്തുനിന്ന് ബന്ധിച്ചു. കീഴടങ്ങാന്‍ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. പിന്നീട് 9 മണിയോടെ ഇയാള്‍ പൊലീസുകാർക്ക് നേരെ വീണ്ടും വെടിയുതിർത്തു. തിരിച്ച് പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ പ്രതിയെ കൊല്ലപ്പെട്ടതായി ഓർലാന്‍ഡോ പൊലീസ് ചീഫ് എറിക് ഡി സ്മിത്ത് ട്വിറ്ററിലൂടെ അറിയിച്ചു.
ഏറ്റുമുട്ടലില്‍ പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യ നില ഗുരുതരമാണെന്നും എറിക് സ്മിത്ത് പറഞ്ഞു. കവർച്ച, ആക്രമണം, ലൈംഗിക അതിക്രമം, കൊലപാതകം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഡാറ്റൻ എസ് വിയല്‍.