നവകേരള സദസ്സിൽ പങ്കെടുത്ത ലീഗ് പ്രാദേശിക നേതാക്കൾക്ക് സസ്പെൻഷൻ

നവ കേരള സദസ്സിൽ പങ്കെടുത്തതിന് ലീഗ് നേതാക്കൾക്ക് സസ്‌പെൻഷൻ. പാർട്ടി നിർദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കാണ് സസ്‌പെൻഷൻ.

കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെ മുസ്ലിം ലീഗിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫിസ് അറിയിച്ചു. ഇന്നലെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിൻ്റെ നവകേരള സദ്ദസ്സിൽ ഇവർ മുഖ്യമന്ത്രിയെ കാണാൻ പോയിരുന്നു. ഒരു കോൺഗ്രസ് നേതാവും സദസ്സിൽ പങ്കെടുത്തിരുന്നു.

ലീഗ് ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്നു എന്ന വലിയ പ്രചാരണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് ലീഗ് എടുക്കുന്ന എല്ലാ നിലപാടുകളും വലിയ മാധ്യമശ്രദ്ധ നേടുന്നുണ്ട്.

ഇന്നലെ പങ്കെടുത്ത ലീഗ് നേതാക്കളോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ലീഗ് നേതാക്കളെ സസ്‌പെൻഡ് ചെയ്തത്.

Suspension for Muslim League leader over Navakerala Sadas raw