മനുഷ്യക്കടത്ത് സംശയം: ഫ്രാന്‍സില്‍ തടഞ്ഞ വിമാനത്തിന് സഹായവുമായി ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി : യുഎഇയില്‍ നിന്ന് നിക്കാരാഗ്വയിലേക്ക് 303 ഇന്ത്യാക്കാരുമായി പറന്ന ചാര്‍ട്ടേര്‍ഡ് വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പുറത്തുവരുന്നതിനിടെ വിമാനത്തിലുള്ളവര്‍ക്ക് കോണ്‍സുലാര്‍ ആക്‌സസ് ലഭിച്ചതായി ഇന്ത്യ.

എംബസിയില്‍ നിന്നുള്ള ഒരു സംഘം യാത്രക്കാരുടെ അടുത്തേക്ക് എത്തിയതായി ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി എക്സില്‍ ഒരു പോസ്റ്റില്‍ അറിയിച്ചു.

‘ദുബായില്‍ നിന്ന് നിക്കരാഗ്വയിലേക്ക് 303 പേരുമായി ഒരു വിമാനം ഫ്രഞ്ച് വിമാനത്താവളത്തില്‍ സാങ്കേതിക തടങ്കലില്‍ വച്ചിരിക്കുന്നതായി ഫ്രഞ്ച് അധികൃതര്‍ ഞങ്ങളെ അറിയിച്ചു. എംബസി സംഘം എത്തി കോണ്‍സുലാര്‍ ആക്സസ് നേടിയിട്ടുണ്ട്. ഞങ്ങള്‍ സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണ് -പോസ്റ്റില്‍ പറയുന്നു.

മനുഷ്യക്കടത്ത് സംശയിച്ചാണ് ഫ്രാന്‍സിലെ അധികൃതര്‍ വിമാനം തടഞ്ഞത്. ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയപ്പോഴാണ് സംഭവം. മനുഷ്യക്കടത്ത് സംശയിക്കുന്നുവെന്നും വിമാനത്തിലെ യാത്രക്കാരെ ചോദ്യം ചെയ്യുകയാണെന്നും ഫ്രാന്‍സില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

അമേരിക്കയിലോ കാനഡയിലോ എത്തിക്കാമെന്ന വാക്ക് വിശ്വസിച്ചു പുറപ്പെട്ടവര്‍ ആകാം വിമാനത്തിലുള്ളതെന്ന സംശയത്തിലാണ് ഫ്രാന്‍സ് അധികൃതര്‍. ലെജന്‍ഡ് എയര്‍ലൈന്‍സ് എന്ന റുമേനിയന്‍ കമ്പനിയുടേതാണ് ചാര്‍ട്ടേഡ് വിമാനം. സംഭവത്തില്‍ ഫ്രാന്‍സില്‍ ഔദ്യോഗിക ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു