ബർലിൻ: 2022-ൽ ഇന്ത്യക്കാർ സമർപ്പിച്ച ആകെ വിസ അപേക്ഷകളിൽ 13.2 ശതമാനം അപേക്ഷകളും നിരസിച്ചതായി റിപ്പോർട്ട്. ഷെങ്കൻ സ്ഥിതിവിവര കണക്കുകൾ പ്രകാരം 13,984 വിസ അപേക്ഷകളാണ് നിരസിച്ചത്.
അതേസമയം, ലഭിച്ച 106,025 അപേക്ഷകളിൽ 84 ശതമാനത്തിനും നല്ല പ്രതികരണം ലഭിച്ചുവെന്നത് കണക്കിലെടുക്കുമ്പോൾ നിരസിക്കൽ പട്ടികയിൽ ഇന്ത്യക്കാരുടെ സ്ഥാനം പുറകിലാണെന്ന് SchengenVisaInfo.com റിപ്പോർട്ട് ചെയ്യുന്നു. നിരസിക്കല്‍ പട്ടികയില്‍ ഇന്ത്യക്കാരുടെ നില 30–ാമതാണ്.
ഏറ്റവും കൂടുതല്‍ വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ട രാജ്യക്കാരില്‍ പാക്കിസ്ഥാൻ, ഘാന, കോംഗോ പൗരന്മാരും ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്‍ പൗരന്മാരുടെ നിരസിക്കല്‍ നിരക്ക് ഏറ്റവും ഉയര്‍ന്നതാണ് 55.1 ശതമാനം, അപേക്ഷകളില്‍ പകുതിയിലേറെയും നിരസിക്കപ്പെട്ടു. ഘാന, കോംഗോ സ്വദേശികളുടെ അപേക്ഷകൾ നിരസിച്ചത് യഥാക്രമം 46.5, 41.5 ശതമാനമാണ്. അതേസമയം അള്‍ജീരിയ, അര്‍ജന്റീന യഥാക്രമം 39.9 ഉം 35 ശതമാനവുമാണ്. ഇതുകൂടാതെ, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍, ക്യൂബ, സെനഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശ്രീലങ്കന്‍ പൗരന്മാര്‍ സമര്‍പ്പിച്ച വിസ അപേക്ഷകളും നിരസിക്കപ്പെട്ടിട്ടുണ്ട്.
വിനോദ സഞ്ചാരത്തിനായുള്ള ഇന്ത്യക്കാരുടെ ഷെങ്കൻ വിസ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ന്യൂഡൽഹിയിലെ സ്വിസ് എംബസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ഒക്ടോബർ വരെ പ്രാബല്യത്തിലുണ്ടാകും. പ്രോസസ്സ് ചെയ്യേണ്ട അപേക്ഷകളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടത്തെ തുടർന്നാണ് തീരുമാനം.
സ്വിറ്റ്സർലൻഡ് ടൂറിസത്തിന്റെ ഈസ്റ്റ് മാർക്കറ്റ് മേധാവി സൈമൺ ബോഷാർട്ട് വിഷയത്തിൽ പ്രതികരിച്ചു. തനിക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയാമെന്നും, എന്നാൽ സ്വിസ് എംബസികൾ ജീവനക്കാരുടെ കുറവ് നേരിടുന്നതിനാൽ, വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.