ചൈനയ്ക്ക് തടയിടാൻ തായ്‌വാൻ; തദ്ദേശ മുങ്ങിക്കപ്പൽ പുറത്തിറക്കി

തായ്‌പെയ്: ചൈനയ്‌ക്കെതിരേ ആയുധശേഖരം വര്‍ധിപ്പിക്കുന്ന തായ്‌വാൻ സ്വന്തമായി നിര്‍മിച്ച മുങ്ങിക്കപ്പല്‍ പുറത്തിറക്കി. പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

154 കോടി ഡോളര്‍ ചെലവിട്ടു നിര്‍മിച്ച മുങ്ങിക്കപ്പല്‍ ഡീസല്‍ എന്‍ജിനാലാണു പ്രവര്‍ത്തിക്കുന്നത്. ചൈനീസ് ഐതിഹ്യങ്ങളിലെ പറക്കും മത്സ്യമായ ‘ഹൈക്കുന്‍’ എന്നാണു പേരിട്ടിരിക്കുന്നത്. പരീക്ഷണയോട്ടങ്ങള്‍ക്കുശേഷം 2024ല്‍ നാവികസേനയുടെ ഭാഗമാകും. മറ്റൊരു മുങ്ങിക്കപ്പലിന്റെ നിര്‍മാണം തായ്‌വാനിൽ പുരോഗമിക്കുകയാണ്. പത്തു മുങ്ങിക്കപ്പലുകള്‍ സ്വന്തമാക്കാനാണ് ഉദ്ദേശ്യം.

പസഫിക് സമുദ്രത്തില്‍ ചൈനീസ് സേനയെ തടയാമെന്ന മോഹം മണ്ടത്തരവും വിവരക്കേടുമാണെന്നു ചൈനീസ് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. എത്ര ആയുധങ്ങള്‍ സമാഹരിച്ചാലും തായ്‌വാനെ ചൈനയോടു കൂട്ടിച്ചേര്‍ക്കുമെന്നും പറഞ്ഞു.