
വാഷിങ്ടൺ: ഖാലിസ്ഥാനി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനക്കേസ് അമേരിക്ക ഗൗരവമായി എടുക്കുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു കിർബിയുടെ പ്രസ്താവന.
ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്‌ക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് കുറ്റപത്രം സമർപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് പൗരനും ഖാലിസ്ഥാനി സംഘടനയുടെ സ്ഥാപകനുമായ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഇന്ത്യൻ സർക്കാർ ഏജൻസി ജീവനക്കാരനുമായി ചേർന്ന് പ്രവർത്തിച്ചുവെന്നായിരുന്നു ആരോപണം.
“ഇന്ത്യയുമായുള്ള നയതന്ത്ര പങ്കാളിത്തം തുടരുകയാണ്… നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും. അതേ സമയം, ഞങ്ങൾ ഇത് വളരെ ഗൗരവമായി കാണുന്നു. ഈ ആരോപണങ്ങളും അതിന്റെ അന്വേഷണവും വളരെ ഗൗരവത്തോടെയാണ് കാണുന്നത്.” വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
“ഈ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയും ഇത് ഗൗരവമായി എടുക്കുന്നത് കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ പുറത്തുകൊണ്ടുവരാനുള്ള ചുമതല ഇരുരാജ്യങ്ങളും വഹിക്കുന്നു,” ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ പ്രതികരണം കിർബി അംഗീകരിച്ചുകൊണ്ട് കിർബി പറഞ്ഞു.
ഗുർപത്വന്ത് സിംഗ് പന്നൂനെതിരായ കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തക്കെതിരെ(52) യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു. പന്നൂനിനെ കൊല്ലാനുള്ള ഇന്ത്യൻ ഉദ്യോഗസ്ഥന്റെ ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും അയാളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ ഡൽഹി ഉൾപ്പെട്ടിട്ടുണ്ടെന്ന ആശങ്കയിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.